Home News Kerala News ഷാരോൺ വധക്കേസ്; പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഷാരോൺ വധക്കേസ്; പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

51

ന്യൂഡൽഹി: പാറശാല ഷാരോണ്‍ രാജ് വധക്കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍ എന്നിവരാണ് സുപ്രീം കോടതിയിൽ ഹര്‍ജി സമർപ്പിച്ചത്. കുറ്റകൃത്യം സംഭവിച്ചത് തമിഴ്നാട്ടിലാണ്. നാഗര്‍കോവില്‍ സെഷന്‍സ് കോടതിക്കാണ് കേസ് പരിഗണിക്കാനും വിചാരണ നടത്താനുമുള്ള അധികാരം. കേസ് പരിഗണിക്കുന്ന നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ല. ഈ സാഹചര്യത്തില്‍ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

സമാന ആവശ്യം പ്രതി ഗ്രീഷ്മ ജാമ്യാപേക്ഷ സമയത്ത് ഉന്നയിച്ചുവെങ്കിലും ഹൈക്കോടതി ആവശ്യം തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഗ്രീഷ്മ സുപ്രീംകോടതിയെ സമീപിച്ചത്. സെപ്റ്റംബർ 25നായിരുന്നു പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ​ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായ ഗ്രീഷ്മ കഴിഞ്ഞ 11 മാസമായി ജയിലില്‍ കഴിയുകയായിരുന്നു. ഒക്ടോബര്‍ 14നായിരുന്നു തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ഷാരോണിന് ഗ്രീഷ്മ കഷായത്തില്‍ വിഷം കലക്കി നല്‍കിയത്. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ഒക്ടോബര്‍ 25ന് ആണ് ഷാരോൺ മരിച്ചത്.

Previous articleപൊലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം; യുവാവ് ആശുപത്രിയിൽ
Next articleആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന്; എകെജി സെന്ററിലും സിഐടിയു ഓഫീസിലും പൊതുദർശനം