Home News Kerala News സത്യസന്ധവും, ജനാധിപത്യപരവുമായ മാധ്യമപ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യം: സി കെ ആശ എംഎൽഎ

സത്യസന്ധവും, ജനാധിപത്യപരവുമായ മാധ്യമപ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യം: സി കെ ആശ എംഎൽഎ

109

വൈക്കം: സത്യസന്ധവും ജനാധിപത്യപരവുമായ മാധ്യമ പ്രവർത്തനം മാത്രമേ ജനങ്ങൾക്ക് ഗുണകരമാകൂവെന്ന് വൈക്കം എം എൽ എ സി കെ ആശ. കേരള ജേർണലിസ്റ്റ് യൂണിയൻ കോട്ടയം ജില്ലാ പ്രവർത്തക യോഗവും, കെ ജെ യു സ്ഥാപക നേതാവും സംസ്ഥാന പ്രസിഡണ്ടുമായിരുന്ന യു. വിക്രമൻ അനുസ്മരണവും ഉദ്ഘാടനം ചെയ്തു തലയോലപ്പറമ്പിൽ സംസാരിക്കുകയായിരുന്നു എംഎൽഎ

വിശദമായി പഠിക്കാതെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന തെറ്റായ പ്രവണത സമൂഹമാധ്യമങ്ങളിൽ കടന്നുകൂടിയിരിക്കുകയാണ്, ഏറ്റവും ആദ്യം വാർത്ത ബ്രേക്ക് ചെയ്യുക എന്ന കാഴ്ചപ്പാടിന് മാറ്റം ഉണ്ടാവണം. ഏതൊരു സംഭവവും ജനങ്ങൾ അറിയേണ്ടതു തന്നെയാണ്. എന്നാൽ ജനങ്ങളെ അറിയിക്കേണ്ടത് വാർത്തയുടെ സത്യസന്ധമായ വസ്തുതകളായിരിക്കണമെന്നും സി കെ ആശ അഭിപ്രായപ്പെട്ടു. അതിന് കേരള ജേർണലിസ്റ്റ് യൂണിയൻ മാതൃകയായി മാറണമെന്നും എംഎൽഎ പറഞ്ഞു.

കെ ജെ യു ജില്ലാ പ്രസിഡണ്ട് കുടമാളൂർ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് സേവന ശ്രേഷ്ഠ പുരസ്കാരം എം എൽ എ സമ്മാനിച്ചു. മാധ്യമപ്രവർത്തന രംഗത്തെ സത്യസന്ധമായ ജീവിതം കാഴ്ചവെച്ച സണ്ണി ചെറിയാൻ, ജനങ്ങളുടെ കഷ്ടതകൾ അറിഞ്ഞ് സഹകരണ മേഖലയിൽ പ്രവർത്തിച്ച വിശിഷ്ട വ്യക്തിത്വം എം ജെ ജോർജ്, മാതൃക അധ്യാപിക, മികച്ച പ്രഭാഷക എന്ന നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. കെ എസ് ഇന്ദു എന്നിവർക്കാണ് സമ്മേളനം സേവന ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചത്.

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ, വൈസ് പ്രസിഡണ്ട് അനിൽ ചെള്ളാങ്കൽ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ജി ബിജു കുമാർ, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡണ്ട് ജി പ്രഭാകരൻ, കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ കെ സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി പി ഷണ്മുഖൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ ജെ യു ജില്ലാ നേതാക്കളായ ഭാരവാഹികളായ ജോസി തുമ്പാനത്ത്, വർഗീസ് സക്കറിയ, കെ.എസ് സുരേഷ്, എസ് ഡി റാം, കെ ജെ യു വൈക്കം കൺവീനർ ആർട്സ് സൺ പൊതി തുടങ്ങിയവർ സംസാരിച്ചു.