Home News സർക്കാരിനെ വെല്ലുവിളിച്ച് ഗവർണർ: ബില്ലുകളുടെ കാര്യത്തിൽ സർക്കാർ കോടതിയിൽ പോകട്ടെയെന്ന് ആരിഫ് മൊഹമ്മദ് ഖാൻ

സർക്കാരിനെ വെല്ലുവിളിച്ച് ഗവർണർ: ബില്ലുകളുടെ കാര്യത്തിൽ സർക്കാർ കോടതിയിൽ പോകട്ടെയെന്ന് ആരിഫ് മൊഹമ്മദ് ഖാൻ

40

തിരുവനന്തപുരം: ഒപ്പിടാതെ മാറ്റിവെച്ച ബില്ലുകളുടെ കാര്യത്തിൽ സർക്കാർ കോടതിയിൽ പോകട്ടെയെന്ന വെല്ലുവിളിയുമായി ​ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. താൻ ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്നും തനിക്കെതിരെ കോടതിവിധിയുമായി വരട്ടെയെന്നും ​ഗവർണർ പറഞ്ഞു. നിയമസഭ പാസാക്കി രാജ്ഭവനിലേയ്ക്ക് അയച്ചിട്ടും മാസങ്ങളായി ഗവർണർ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന ബില്ലുകളെക്കുറിച്ചാണ് പ്രസ്താവന.

അഞ്ചുമാസംമുതൽ രണ്ടുവർഷംവരെയുള്ള എട്ടു ബില്ലാണ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പിടിച്ചുവച്ചത്‌. നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ബിൽ, ക്ഷീരകർഷക ക്ഷേമനിധി ബിൽ, ലോകായുക്ത ബിൽ, സർവകലാശാലാ നിയമഭേദഗതി ബിൽ തുടങ്ങിയവയിലാണ് ഗവർണർ തീരുമാനം എടുക്കാനുള്ളത്. ബില്ലുകളിൽ ഗവർണർ ആവശ്യപ്പെട്ട വിശദീകരണം മന്ത്രിമാരും ഉദ്യോഗസ്ഥരും നൽകിയിരുന്നു. എങ്കിലും അനിശ്ചിതമായി ബില്ലുകൾ ഒപ്പിടാതെ വയ്ക്കുന്നതിൽ സർക്കാർ ​അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും ​ഗവർണർ നിലപാട് മാറ്റിയിരുന്നില്ല.

കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായി സർക്കാർ നൽകിയ ഹർജിയിൽ ബില്ലിൽ ഗവർണർ തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന സുപ്രധാന നിർദേശം സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. വൈസ്‌ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് പശ്‌ചിമബംഗാൾ സർക്കാർ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്‌. ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ സംസ്ഥാന സർക്കാരും മുമ്പ് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ അഭിപ്രായം സർക്കാർ തേടിയിരുന്നു. കേസ് നടത്താൻ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിന്റെ സേവനം തേടുമെന്നും സർക്കാർ അറിയിച്ചിരുന്നു.

Previous articleഇസ്രയേലില്‍ പരുക്കേറ്റ മലയാളി നഴ്സ് അപകടനില തരണം ചെയ്തു. ശനിയാഴ്ച ഉച്ചയോടെ നടന്ന റോക്കറ്റാക്രമണത്തിലാണ് ഷീജക്ക് പരുക്കേറ്റത്
Next articleതിരുവനന്തപുരത്ത് ബ്രൂസെല്ല സ്ഥിരീകരിച്ചു