Home News Kerala News വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സന്യാസിനി സമൂഹം. എഫ്. സി. സി. എറണാകുളം പ്രൊവിൻസിന്റെ...

വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സന്യാസിനി സമൂഹം. എഫ്. സി. സി. എറണാകുളം പ്രൊവിൻസിന്റെ നേതൃത്വത്തിൽ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു

40

കൊച്ചി: സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷൻ മുഖാന്തരം നടപ്പിലാക്കുന്ന സാമൂഹിക സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായാണ് വനിതകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 50% സാമ്പത്തിക സഹായത്തോടെ 17 പേർക്ക് മെഷീൻ വിതരണം ചെയ്തു. എൻജിഒ കോൺഫെഡറേഷന്റെ പ്രോജക്ട് ഇമ്പ്ലിമെന്റിംഗ് ഏജൻസികളിൽ ഒന്നായ സേക്രഡ് ഹാർട്ട്‌ ക്ലാരിസ്റ്റ് പ്രൊവിൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെയാണ് എറണാകുളം ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്. ആലുവ ക്ലാരപുരത്തെ എഫ്. സി. സി. എറണാകുളം പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന ചടങ്ങിൽ ആലുവ നഗരസഭാധ്യക്ഷൻ എം. ഒ. ജോൺ രണ്ടു പേർക്ക് തയ്യൽ മെഷീൻ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ഉഷ കമ്പനിയുമായി സഹകരിച്ചുകൊണ്ട് സിംഗിൾ മെഷീൻ, അംബ്രല്ല മെഷീൻ, ഇന്റർലോക്ക് മെഷീൻ, പവർ മെഷീൻ എന്നിവയും അംബ്രല്ല മെഷീന് അവശ്യമായ മോട്ടോറുകളുമാണ് വിതരണം ചെയ്തത്. പാക്കറ്റുകളിൽ വന്ന മെഷീന്റെ പാർട്ടുകൾ സെറ്റ് ചെയ്താണ് നൽകിയത്.

സാമൂഹിക സാമ്പത്തിക ശാക്തീകരണം കൈവരിക്കുന്നതിനും, വരുമാനദായക മാർഗ്ഗങ്ങളിലൂടെ ഉപജീവനം കണ്ടെത്തുന്നതിനും സ്വയംതൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് നാഷണൽ എൻജിഒ കോൺഫെഡറേഷൻ നടപ്പാക്കുന്ന സാമൂഹ്യസംരംഭകത്വ വികസന പരിപാടി. കേവലം തയ്യൽ മെഷീൻ വിതരണം ചെയ്യുന്നതിനപ്പുറം അത് ഉപയോഗിച്ച് വരുമാനം നേടുന്നതിന് വനിതകളെ പ്രാപ്തമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് സൊസൈറ്റി സെക്രട്ടറി സി. ഷേഫി ഡേവിസ് പറഞ്ഞു. അസി. പ്രൊവിൻഷ്യൽ സി. സജിത, പ്രൊവിൻഷ്യൽ കൗൺസിലേഴസായ സി. ലിറ്റ്സി, സി. തേജസ്‌, മുൻ വാർഡ് കൗൺസിലർ സൈമൺ തുടങ്ങിയവർ സംസാരിച്ചു. സി. ഷേഫി ഡേവിസ് സ്വാഗതവും സി. റോസ് പാറേക്കാട്ടിൽ നന്ദിയും പറഞ്ഞു.

Previous articleഎം.എസ്.സി.പ്ലാന്റ് ബയോ ടെക്നോളജിയിൽ ഒന്നാം റാങ്കുമായി ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിനി.
Next articleവിഴിഞ്ഞത്ത് ആദ്യ കപ്പൽ 15 ന് എത്തും; മലയാളികളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണെന്ന് തുറമുഖമന്ത്രി