Home Sports എട്ടാം തവണയും ടീം ഇന്ത്യ. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

എട്ടാം തവണയും ടീം ഇന്ത്യ. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

47

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ആവേശ പോരാട്ടത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ എട്ടാം തവണയും പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയ കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു വിജയം. ഇത്തവണ പാക്കിസ്ഥാനെ 7 വിക്കറ്റിനു തകർത്താണ് ടീം ഇന്ത്യ ചരിത്രം ആവർത്തിച്ചത്‌. പാക്കിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം ഇന്ത്യ 30.3 ഓവറിൽ 3 വിക്കറ്റു നഷ്ടത്തിൽ മറികടന്നു. തുടക്കത്തിൽ ബോളുകൊണ്ടും മറുപടി ഇന്നിങ്സിൽ ബാറ്റുകൊണ്ടും തകർത്താടിയ ഇന്ത്യൻ താരങ്ങൾക്കു മുന്നിൽ പാക്കിസ്ഥാൻ സമ്പൂർണ പരാജയമായി. ക്യാപ്റ്റൻ ബാബർ അസം നേടിയ അർധ സെഞ്ചറിയല്ലാതെ പാക്കിസ്ഥാന് മത്സരത്തിൽ‌ ഓർത്തുവയ്ക്കാൻ ഒന്നുമില്ലാതായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതൽ പാകിസ്ഥാൻ ബോളിങ് നിരയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുത്തെടുത്തത്. ഷഹീൻ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിൽ 10 റൺസ് നേടിയുള്ള ഇന്ത്യൻ തുടക്കം അവസാനം വരെ നിലനിന്നു. ഹസൻ അലിയുടെ രണ്ടാം ഓവറിൽ മൂന്ന് ഫോർ ഗിൽ നേടി. മൂന്നാം ഓവറിൽ 16 റൺസുമായി ഗിൽ മടങ്ങിയെങ്കിലും പിന്നാലെയെത്തിയ വിരാട് കോലി രോഹിത്തിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 7-ാം ഓവറിൽ ടീം സ്കോർ 50 കടത്തി. രണ്ടാം വിക്കറ്റിൽ 56 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.

ഏകദിനത്തിൽ 300 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം ഈമത്സരത്തിലൂടെ രോഹിത് സ്വന്തം പേരിൽ കുറിച്ചു. ഷഹീദ് അഫ്രീദി, ക്രിസ് ഗെയിൽ എന്നിവർക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാണ് രോഹിത്. സ്കോർ 79ൽ നിൽക്കേ വിരാട് കോലി പുറത്തായി. ഹസൻ അലിയുടെ പന്തിൽ മുഹമ്മദ് നവാസ് പിടിച്ച് പുറത്താക്കുകയായിരുന്നു, 18 പന്തിൽ 16 റൺസാണ് കോലിയുടെ സംഭാവന.

നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് 14–ാം ഓവറിൽ ടീം സ്കോർ 100 കടത്തി. 22–ാം ഓവറിൽ സ്കോർ 156ൽ നിൽക്കേ രോഹിത് പുറത്തായി. 63 പന്തിൽ 6 ഫോറും 6 സിക്സും ഉൾപ്പെടെ 86 റൺസാണ് താരം നേടിയത്. 36 പന്തിൽനിന്നാണ് രോഹിത് അര്‍ധ സെഞ്ചറി പൂർത്തിയാക്കിയത്. ഷഹീൻ അഫ്രിദിയുടെ പന്തിൽ ഇഫ്തിഖർ അഹമ്മദിന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്.

പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യർ, കെ.എൽ.രാഹുലുമൊന്നിച്ച് ടീമിനെ ജയത്തിലേക്കു നയിച്ചു. ബൗണ്ടറി നേടി ടീമിനെ വിജയത്തിലെത്തിച്ച താരം അർധ സെഞ്ചറിയും പൂർത്തിയാക്കി. 62 പന്തിൽ 53 റൺസാണ് ശ്രേയസ് നേടിയത്. 2 സിക്സും 3 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. 29 പന്തിൽ 19 റൺസ് നേടിയ രാഹുലും പുറത്താകാതെ നിന്നു.

നേരത്തെ ഇന്ത്യൻ ബോളർമാർ തകർപ്പൻ പ്രകടനവുമായി കളംനിറഞ്ഞപ്പോൾ പാക്ക് ബാറ്റിങ് നിര തകർന്നടിഞ്ഞു. ഒരുഘട്ടത്തിൽ 2ന് 155 എന്ന നിലയിലായിരുന്ന പാക്കിസ്ഥാൻ 42.5 ഓവറിൽ 191ന് പുറത്തായി. 36 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ പാക്കിസ്ഥാന് 8 വിക്കറ്റ് നഷ്ടമായി. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ബാബർ അസമാണ് (50) അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവിന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

Previous articleഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്; പിടിച്ചത് 35 ഇരുചക്രവാഹനങ്ങള്‍, പിഴ 3,59,250 രൂപ
Next articleഷെൻ ഹുവ -15 നങ്കൂരമിടുന്നതോടെ നാടിന്റെ ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്’; പിണറായി വിജയൻ