Home News World News ഗാസ പൂർണ തകർച്ചയിലേയ്ക്ക്: ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി യു എൻ

ഗാസ പൂർണ തകർച്ചയിലേയ്ക്ക്: ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി യു എൻ

70

ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ മാനവിക ദുരന്തത്തിലേക്ക്‌ ഗാസ നീങ്ങുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന. ഗാസ ഞെരിഞ്ഞമരുകയാണെന്നും ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളുമില്ലാതെ ആയിരങ്ങൾ മരിക്കുമെന്നും പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി (യുഎൻആർഡബ്ല്യുഎ) കമീഷണർ ജനറൽ ഫിലിപ്പ്‌ ലസാറിനി പറഞ്ഞു. പൂർണ തകർച്ചയുടെ വക്കിലാണ്‌ ഗാസയെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.

മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ബോഡി ബാഗുകൾപ്പോലും ഇല്ലാത്ത അവസ്ഥയാണ്‌. കുടുംബങ്ങൾ ശിഥിലമാക്കപ്പെടുന്നു. തെക്കൻ മേഖലയിലെ യുഎൻ സ്കൂളുകൾ അഭയാർഥികളാൽ നിറഞ്ഞു. വലിയ മാനവികദുരന്തമാണ്‌ നമ്മുടെ മുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ശനിവരെ ആറുലക്ഷം പേർ ഭവനരഹിതരായി. ഇതിൽ മൂന്നുലക്ഷംപേരും അഭയാർഥി ക്യാമ്പുകളിലാണുള്ളത്‌. ഞായർമുതൽ ആക്രമണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്‌ ഇസ്രയേൽ. ഏജൻസിയുടെ ഗാസയിലെ 13,000 ജീവനക്കാരും ഇപ്പോൾ റാഫയിലെ അഭയാർഥി ക്യാമ്പുകളിലാണ്‌. ഇനിയും അഭയാർഥികൾ എത്തിയാൽ നൽകാനുള്ള ഭക്ഷണംപോലുമില്ല. നൂറുകണക്കിനുപേർക്ക്‌ ഒറ്റ ശൗചാലയമാണുള്ളത്‌. കൂടുതൽ നാശമുണ്ടാകുംമുമ്പ്‌ ഉപരോധം പൂർണമായും പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയിൽ മാലിന്യം കുന്നുകൂടിയ നിലയിലാണ്‌. കുടിവെള്ളമില്ലാത്തതിനാൽ ജനങ്ങൾ ഉപ്പുവെള്ളം കുടിച്ച്‌ ജീവിക്കുകയാണ്‌.

അതെ സമയം ഗാസയിലും വെസ്റ്റ്‌ ബാങ്കിലും ആരോഗ്യകേന്ദ്രങ്ങൾക്കുനേരെ ഇസ്രയേൽ തുടർ ആക്രമണം നടത്തി. യുദ്ധം ആരംഭിച്ചതുമുതൽ ഗാസയിലെ 48 ആരോഗ്യകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട്‌ ചെയ്തു. 12 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. 20 പേർക്ക്‌ പരിക്കേറ്റു. പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ 12 ജീവനക്കാരും കൊല്ലപ്പെട്ടു. വെസ്റ്റ്‌ ബാങ്കിൽ ഇക്കാലയളവിൽ 63 ആരോഗ്യകേന്ദ്രങ്ങളാണ്‌ ആക്രമിക്കപ്പെട്ടത്‌. വെള്ളിയാഴ്ചവരെ ഗാസയിലെ 144 വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.

Previous articleപരീക്ഷണപ്പറക്കലിനൊരുങ്ങി ഗഗൻയാൻ; ആദ്യ പറക്കൽ 21ന്‌
Next article69ാ-മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്