Home News Kerala News സമര ധീരതയ്ക്ക് 100 വയസ്സ്; വി എസിനു ഇന്ന് ശതാബ്ദി

സമര ധീരതയ്ക്ക് 100 വയസ്സ്; വി എസിനു ഇന്ന് ശതാബ്ദി

50

തിരുവനന്തപുരം: വേലിക്കകം വീട്ടിലെ മുറിക്കുള്ളിൽ വിശ്രമ ജീവിതം നയിക്കുന്ന നേതാവുണ്ട്. ഒരുകാലത്ത് അനീതിക്കെതിരെ ഉറച്ച നിലപാടെടുക്കുകയും ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്ത ജന നായകൻ. അസുഖം വേട്ടയാടും മുമ്പ് വരെ ജീവിതചര്യകൾ കൊണ്ട് പ്രായത്തെ തോൽപ്പിച്ച മനുഷ്യൻ. പക്ഷാഘാതം ശരീരത്തെ തളർത്തിയെങ്കിലും ഹൃദയത്തിൽ കമ്മ്യൂണിസത്തെയും പേറി ജീവിക്കുന്ന സഖാവ്. കേരള കണ്ട എക്കാലത്തെയും മികച്ച കമ്മ്യൂണിസ്റ്റ് നേതാവായ വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ.

അസുഖബാധിതനാകുന്നത് വരെയും പുലർച്ചയുള്ള 20 മിനിറ്റ് നടത്തം, യോഗ എന്നിവയിലൂടെയായിരുന്നു വി എസിന്‍റെ ദിവസം ആരംഭിച്ചിരുന്നത്. പക്ഷാഘാതത്തെ തുടർന്ന് 2019 മുതൽ വി എസ് പൊതുജീവിതത്തിൽ നിന്നും വിശ്രമ ജീവിതത്തിലേക്ക് കടന്നു. ഉപജീവനത്തിനായി തയ്യൽ തൊഴിൽ സ്വീകരിച്ചപ്പോഴും പാവപ്പെട്ട തൊഴിലാളികൾക്കു വേണ്ടി ശബ്ദമുയർത്താൻ വിഎസിന്റെ മനസ്സ് വ്യഗ്രതപ്പെട്ടു. അങ്ങനെ, 17-ാംവയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. സ്വാതന്ത്ര്യസമരം കൊടുംമ്പിരി കൊണ്ട കാലത്തുതുടങ്ങിയ രാഷ്ട്രീയ ജീവിതത്തെ രോഗ ബാധയ്ക്ക് മാത്രമേ തളർത്താൻ കഴിഞ്ഞുള്ളു. ഒരുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രി, മൂന്നുതവണ പ്രതിപക്ഷനേതാവ്, മൂന്നുതവണ പാര്‍ട്ടി സെക്രട്ടറി. സ്ഥാനങ്ങൾക്കുമപ്പുറം കൈയേറ്റങ്ങള്‍ തടയാന്‍ കാടും മലയും കയറിയ പോരാളിയായിരുന്നു അദ്ദേഹം.

പുന്നപ്രയിലെ സമര നായകൻ

വിപ്ലവ മനസ്സുകളുടെ സിരകളില്‍ ഇന്നും അഗ്നി പടര്‍ത്തുന്ന ഓര്‍മ്മയാണ് പുന്നപ്ര വയലാര്‍ സമരം. മുന്നേറ്റങ്ങളിലും തിരിച്ചടിയിലും വി.എസിനെ കരുത്താര്‍ജിച്ച് നിര്‍ത്തിയത് ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ ത്യാഗോജ്ജ്വല സ്മരണകൾ തന്നെയാണ്. ദിവാന്‍ സര്‍ സി.പിയുടെ പോലീസ് ഭീകരതയും സ്ത്രീകള്‍ക്ക് എതിരായുള്ള അതിക്രമങ്ങളും അതിരുകള്‍ ലംഘിച്ചപ്പോഴാണ് പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരുങ്ങിയത്. 1946 ഒക്ടോബര്‍ മാസത്തില്‍ പുന്നപ്രയിലെ പോലീസിന്റെ ക്യാമ്പ് ആക്രമിക്കുവാന്‍ ആയിരുന്നു തീരുമാനം. മുഖ്യ സൂത്രധാരൻ വി.എസ് തന്നെയായിരുന്നു. ഏറ്റുമുട്ടലില്‍ പോലീസിന്റെ തോക്കിൻ മുനയിൽ മരിച്ചു വീണത് നിരവധി തൊഴിലാളികളാണ്. പോലീസിന്റെ വാറണ്ട് നിലവിലുണ്ടായിരുന്ന സമയത്തു പുന്നപ്രയുടെ മണ്ണില്‍ ആയിരത്തോളം തൊഴിലാളികളെ സമരസജ്ജരാക്കി വി.എസ് പ്രസംഗിച്ചു. പോലീസില്‍ നിന്നും പിടിച്ചുവാങ്ങിയ തോക്കുകള്‍ വി.എസിന്റെ നിര്‍ദ്ദേശ പ്രകാരം പിന്നീട് ആറില്‍ ഒഴുക്കി കളഞ്ഞതും ചരിത്രത്തിന്റെ ഏടുകളിൽ ഉണ്ട്. രക്തരൂഷിത പോരാട്ടത്തിന്റെ മുഖ്യ സൂത്രധാരനായ വി.എസിനെ കോട്ടയം ജില്ലയിലെ പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടില്‍ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. തുടര്‍ന്ന് ലോക്കപ്പില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് കൊടിയ പീഡനം ആയിരുന്നു. ജയിലഴിക്കുള്ളില്‍ കാലുകള്‍ പുറത്തേക്ക് വലിച്ചിട്ട് ലാത്തിവച്ച് കെട്ടി ഭീകരമായി മർദിച്ചു. ബോധം നശിച്ച വി.എസിന്റെ കാലില്‍ തോക്കിന്റെ ബയണറ്റും കുത്തിയിറക്കുകയുണ്ടായി. പാദം തുളച്ച് കയറി മറുവശത്ത് എത്തിയ പാടുകള്‍ ഇന്നും കാലുകളിൽ കാണാം. മരിച്ചു എന്നു കരുതി അന്ന് പൊലീസ് ഉപേക്ഷിച്ച ഇടത്തു നിന്നാണ് വർദ്ധിച്ച വീര്യത്തോടെ, വി.എസ് എന്ന വന്മരം ഉയർത്തെഴുന്നേറ്റത്.

പരിസ്ഥിതി സ്നേഹിയായ സഖാവ്

കേവലം മണിക്കൂറുകളിലും ദിവസങ്ങളിലും ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല വി എസിന്റെ പരിസ്ഥിതി സ്നേഹം. അഴിമതി, ഭൂമികയ്യേറ്റം, തൊഴില്‍ പ്രശ്‌നം, പരിസ്ഥിതി, സ്ത്രീപീഢനങ്ങള്‍ തുടങ്ങി ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന സകല പ്രശ്‌നങ്ങളിലും ഇടപെട്ട് പുതിയ പോര്‍മുഖം തന്നെയാണ് അദ്ദേഹം തുറന്നിരുന്നത്. പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടാകുമ്പോള്‍ മാത്രമാണ് നമ്മള്‍ പരസ്ഥിതിതിയെ കുറിച്ച് ചര്‍ച്ച ചെയ്യാറുള്ളത്. എന്നാൽ വി എസ് മറിച്ചായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ വി എസ് കാണിച്ച കാര്‍ക്കശ്യം മുല്ലപ്പെരിയാര്‍ മുതല്‍ പൂയംകുട്ടി വരെയും മതികെട്ടാന്‍ മുതല്‍ എന്‍ഡോസള്‍ഫാന്‍ വരെയും പ്രകടമായി. പതിറ്റാണ്ടുകള്‍ക്കപ്പുറം കുട്ടനാട്ടിലെ നെല്‍വയലുകള്‍ നികത്തി ടൂറിസ്റ്റ് ബംഗ്ലാവുകള്‍ പണിത് തുടങ്ങിയപ്പോഴാണ് വി.എസ് വയല്‍ നികത്തലിന് എതിരായി ശക്തമായ നിലപാട് സ്വീകരിച്ചത്. ‘വെട്ടിനിരത്തല്‍ സമരം’ എന്ന പേരില്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും കൃഷിയിടങ്ങള്‍ ഓര്‍മ്മയായി മാറി കൊണ്ടിരിക്കുന്ന പുതിയ കാലം, വി.എസ് അന്ന് സ്വീകരിച്ച നിലപാട് തന്നെയാണ് ശരിയെന്ന് ഓർമപ്പെടുത്തുന്നു.

രാഷ്ട്രീയ ജീവിതം

1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായാണ് പൊതു പ്രവർത്തന രംഗത്ത് വി എസിന്റെ അരങ്ങേറ്റം. 1940 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനം. 1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. ഒപ്പം പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ൽ സി പി ഐ ദേശീയ കൗൺസിൽ അംഗമായി. 1964ൽ സിപിഐ ദേശീയ കോൺഗ്രസ്സിൽ നിന്നിറങ്ങി വന്ന 32 പേർ ചേർന്ന് സിപിഐഎം രൂപീകരിച്ചതിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് വി എസ് അച്യുതാനന്ദൻ.

1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും 2011 മുതല്‍ 2016 വരെയും സഭയിൽ പ്രതിപക്ഷനേതാവായിരുന്നു. 2006 മെയ്‌ 18 -ന്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. വിജയം മാത്രമല്ല പരാജയവും നിരവധി തവണ വി എസ് അറിഞ്ഞിട്ടുണ്ട്. 1965 ൽ സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ മത്സരിച്ച വിഎസ് തോൽവിയോടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ കോൺഗ്രസിലെ കെഎസ് കൃഷ്ണക്കുറുപ്പിനോടായിരുന്നു പരാജയം ഏറ്റുവാങ്ങിയത്. പിന്നീട് 1967 ൽ കോൺഗ്രസിന്‍റെ എ അച്യുതനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ വിഎസിന് പിന്നീട് പരാജയം അറിയേണ്ടി വന്നത് രണ്ട് തവണ മാത്രമാണ്. 1977ലും 1996ലും.എതിര്‍പ്പുകളേയും വെല്ലുവിളികളേയും അതിജീവിച്ചായിരുന്നു വിഎസിന്റെ ഓരോ മുന്നേറ്റവും.

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സർക്കാരായിരുന്നു 2006 ലെ വി എസ് അച്യുതാനന്ദൻ മന്ത്രിസഭ. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതകൾ പാർട്ടിയും വിഎസും രണ്ട് വഴിക്കെന്ന കിംവദന്തികൾ പരത്തി. 2011 ൽ അധികാര തുടർച്ച നേടാൻ കഴിഞ്ഞില്ലെങ്കിലും വിഎസിന്‍റെ നേതൃത്വത്തിൽ മികച്ച വിജയമായിരുന്നു ഇടതുമുന്നണി നേടിയത്. തുടർന്ന് 2007 മേയ് 26 നാണ് വിഎസിനെ പൊളിറ്റ്ബ്യൂറോയിൽ നിന്ന് താൽക്കാലികമായി പുറത്താക്കുന്നത്. പിന്നീട് വിഎസിനെ കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന പിണറായിക്കെതിരെയും നടപടി ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ തിരിച്ചെടുത്തിരുന്നു. തരംതാഴ്ത്തലിനു പുറമെ പാർട്ടിയുടെ പരസ്യശാസനയ്ക്കും വിഎസ് വിധേയനായിട്ടുണ്ട്. ടിപി ചന്ദ്രശേഖരൻ വധത്തെതുടർന്ന് സിപിഎം പ്രതിരോധത്തിലായ സമയത്ത് വിഎസ് നടത്തിയ പ്രസ്താവനകളും നീക്കങ്ങളും പാർട്ടിക്കകത്ത് പൊട്ടിത്തെറികൾക്ക് കാരണമായി.

നീട്ടിയും കുറുക്കിയുമുള്ള പ്രസംഗ ശൈലി. അനാഥത്ത്വത്തിൻ്റെ നൊമ്പരവും ദാരിദ്ര്യത്തിൻ്റെ കയ്പും അനുഭവിച്ച ബാല്യം. പോരാട്ടത്തിൻ്റെ വീര്യം നിറഞ്ഞ യൗവ്വനം. പരുക്കനും, കടുംപിടുത്തക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായ പ്രകൃതക്കാരൻ. കമ്മ്യൂണിസമെന്ന പ്രസ്ഥാനത്തിലെ ഒറ്റയാൾ പോരാളി. യുവത്വത്തെ ഇത്രമേൽ സ്വാധീനിച്ച ഒരു ജനകീയ നേതാവ് ഇല്ലെന്നു തന്നെ പറയാം. കേരള രാഷ്ട്രീയ ചരിത്രം വി എസ് എന്ന രണ്ടക്ഷരമില്ലാതെ അപൂർണം.

Previous articleനൂറടിച്ച് കിങ് കോലി; തോറ്റോടി ബംഗ്ലാ കടുവകൾ, ഇന്ത്യക്ക് നാലാം ജയം
Next articleഗാസയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം; സ്ത്രീകളും കുട്ടികളുമടക്കം എട്ട് മരണം