Home Cinema റിവ്യൂ ബോംബിങ്‌ തടയാൻ പ്രത്യേക പ്രോട്ടോക്കോൾ; ഹൈക്കോടതിയിൽ സമർപ്പിച്ചു

റിവ്യൂ ബോംബിങ്‌ തടയാൻ പ്രത്യേക പ്രോട്ടോക്കോൾ; ഹൈക്കോടതിയിൽ സമർപ്പിച്ചു

56

കൊച്ചി: സിനിമകളെ മോശപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി പണം തട്ടുന്നത്‌ നിയന്ത്രിക്കാൻ സംസ്ഥാന പൊലീസ്‌ മേധാവി തയ്യാറാക്കിയ പ്രത്യേക പ്രോട്ടോകോൾ ഹൈക്കോടതിയിൽ സമർപ്പിച്ചു. സിനിമകളെ തകർക്കുന്നവിധത്തിലുള്ള നിരൂപണങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്‌ ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജി പരിഗണിച്ചാണ്‌ പ്രൊട്ടോകോൾ തയ്യാറാക്കാൻ കോടതി ഡിജിപിയോട്‌ നിർദേശിച്ചത്‌.

സിനിമകളെ മോശപ്പെടുത്തിയുള്ള നിരൂപണങ്ങൾ തടയാൻ ഇന്ത്യൻ ശിക്ഷാ നിയമം, ഐടി നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകുമെന്ന് കോടതിയിൽ സമർപ്പിച്ച പ്രേട്ടോകോളിൽ വിശദീകരിച്ചു. പരാതിയിൽ സ്വീകരിക്കേണ്ട നടപടിസംബന്ധിച്ച നിർദേശങ്ങളും പ്രോട്ടോകോളിൽ വ്യക്തമാക്കിയിട്ടുണ്ട്‌. പണം തട്ടാനും കൊള്ളയടിക്കാനുമുള്ള ഉദ്ദേശ്യത്തോടെ സിനിമകളെ തകർക്കുന്നതരത്തിലുള്ള നിരൂപണങ്ങൾ നടത്തുന്നതായി പരാതി ലഭിച്ചാൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണം. നിരൂപണത്തിലുള്ള പരാമർശങ്ങൾ ഏതെങ്കിലും വ്യക്തിക്ക്‌ ഹാനികരമായാൽ അപകീർത്തിക്കേസ്‌ എടുക്കാം.

എന്നാൽ, നിരൂപണങ്ങൾക്കെതിരെ സ്വീകരിക്കുന്ന നടപടികൾ ഭരണഘടനാപരമായ അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണോയെന്ന് പരിശോധിക്കണം. ആവശ്യമെങ്കിൽ വിദഗ്ധോപദേശം തേടണം. റിവ്യൂ ബോംബിങ്‌ നടത്തുന്നവർ സിനിമ കാണുന്നുണ്ടാകില്ല. നിരൂപകന്റെ വിവരങ്ങൾ, പ്രൊഫൈൽ ചിത്രം, ഫോൺ നമ്പർ, യൂസർ നെയിം എന്നിവ പരിശോധിക്കണം. മുമ്പ് നടത്തിയ നിരൂപണങ്ങളും പരിശോധിക്കണം. അപകീർത്തികരവും അസഭ്യവുമായ ഭാഷയാണെങ്കിൽ റിവ്യൂ ബോംബിങ്ങായി വിലയിരുത്താം. കാരണം വ്യക്തമാക്കി നടത്തുന്ന നെഗറ്റീവ്‌ റിവ്യൂകൾ സദുദ്ദേശ്യപരമാകാമെന്നും പ്രോട്ടോകോളിൽ പറയുന്നു.

നിരൂപണത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന്‌ പരാതി ലഭിച്ചാൽ പ്രൊട്ടോകോൾപ്രകാരമുള്ള നടപടികൾ എടുത്തെന്ന്‌ ഡിജിപി ഉറപ്പാക്കണമെന്ന്‌ ഹൈക്കോടതി നിർദേശിച്ചു. സമൂഹമാധ്യമങ്ങൾവഴിയുള്ള ഇത്തരം നടപടികൾ നിരീക്ഷിക്കണമെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

നിരൂപണങ്ങളിൽ വരുന്ന കമന്റുകൾ അധികവും വ്യാജവിലാസങ്ങളിൽനിന്നുള്ളതാണെന്ന്‌ പൊലീസ്‌ അറിയിച്ചു. അതിനാൽ ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടി സ്വകരിക്കാൻ പരിമിതിയുണ്ട്‌. നിലവിലെ സാഹചര്യത്തിൽ വ്യക്തിപരമായി പരാതി ലഭിച്ചാൽ സൈബർ നിയമപ്രകാരം കേസെടുക്കാൻ കഴിയുമെന്നും വ്യക്തമാക്കി. വ്യാജവിലാസങ്ങളിൽനിന്ന്‌ നിരൂപണം എഴുതുന്നവരെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്ന്‌ അമിക്കസ്‌ ക്യൂറിയും കോടതിയെ അറിയിച്ചു. അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കുമ്പോഴും ഭീഷണിപ്പെടുത്തി പണം തട്ടുന്നത്‌ അനുവദിക്കാനാകില്ലെന്ന്‌ കോടതി പറഞ്ഞു. നെഗറ്റീവ്‌ റിവ്യൂ അല്ല പ്രശ്‌നം, പണത്തിനായി ഭീഷണിപ്പെടുത്തി നെഗറ്റീവ്‌ റിവ്യൂ എഴുതുന്നതാണ്‌ പ്രശ്‌നമെന്നും കോടതി വാക്കാൽ പരാമർശിച്ചു. ഹർജി രണ്ടാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കാൻ മാറ്റി.

Previous articleപൊലീസുകാരൻ്റെ ആത്മഹത്യ; ആഭരണങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്തിയതായി പൊലീസ്
Next articleമദ്യം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവിനും, ഭാര്യാമാതാവിനും 27 വർഷം തടവ്