Home News Kerala News കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കരാർ കമ്പനി ജീവനക്കാരന് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മർദ്ദനം. പ്രതിഷേധവുമായി സിയാൽ എംപ്ലോയീസ്...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കരാർ കമ്പനി ജീവനക്കാരന് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മർദ്ദനം. പ്രതിഷേധവുമായി സിയാൽ എംപ്ലോയീസ് യൂണിയൻ

63

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടോൾപിരിവ് കരാർ കമ്പനി ജീവനക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. കരാർ കമ്പനിയായ ഗേറ്റ് വേ സെക്യൂരിറ്റി ഗ്രൂപ്പിലെ ജീവനക്കാരനായ മുഹമ്മദ് ത്വയ്ബിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കസ്റ്റംസ് പ്രിവന്റ്റ്റീവ് ഇൻസ്പെക്ടർ റമീസിന്റെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്നാണ് കമ്പനി ജീവനക്കാർ നെടുമ്പാശ്ശേരി പോലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സിയാൽ ജീവനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക പാർക്കിംഗ് ഏരിയയിൽ ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ഈ പാർക്കിംഗ് ഏരിയയിൽ കസ്റ്റംസ് പ്രിവന്റീവ് ഇൻസ്പെക്ടർ റമീസ് തൻറെ ഇരുചക്രവാഹനം പാർക്ക് ചെയ്തിരുന്നു. എന്നാൽ വളരെ വൈകിയും വാഹനം എടുക്കാത്തതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ വാഹനത്തിൻറെ ടയർ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചു. പിന്നീട് വാഹനം എടുക്കുന്നതിനായി വന്ന റമീസ് വാഹനം പൂട്ടി വച്ചിരിക്കുന്നത് കണ്ട് പ്രകോപിതനായി പാർക്കിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്ത്രീയോട് അസഭ്യം പറയുകയും, ഇത് ചോദിക്കാൻ എത്തിയ മുഹമ്മദ് ത്വയ്യിബിനെ ആക്രമിക്കുകയുമായിരുന്നു. ഇതിന് ശേഷം വാഹനം ഉപേക്ഷിച്ച് പോയ റമീസ് രാത്രിയോടെ വീണ്ടും സുഹൃത്തുക്കളുമായി എത്തി ത്വയ്യിബിനെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. മർദ്ദനത്തിനുശേഷം ത്വയ്യിബിന്റെ താമസസ്ഥലത്ത് എത്തിയ റമീസും സുഹൃത്തുക്കളും ത്വയ്യിബ് സ്വർണ്ണക്കള്ളക്കടത്തുകാരുടെ സഹായിയാണെന്ന് ആരോപിച്ചുകൊണ്ട് മുറിയിൽ പരിശോധന നടത്തിയതായും പരാതിയുണ്ട്.

എന്നാൽ നെടുമ്പാശ്ശേരി പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടി സ്വീകരിക്കുന്നതിനോ, എഫ്ഐആർ ഇടുന്നതിനോ ആദ്യഘട്ടത്തിൽ പോലീസ് തയ്യാറായില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. റമീസ് പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിൻറെ രേഖകളിൽ വാഹനം റമീസിന്റെ പേരിലുള്ളതാണെന്ന് വ്യക്തമാണ്. എന്നാൽ വാഹനത്തിന് മതിയായ ഇൻഷുറൻസ് ഇല്ലാതെയാണ് ഇയാൾ ഇത് ഉപയോഗിക്കുന്നത്.

ആക്രമണത്തിൽ പരിക്കേറ്റ ത്വയിബ് ചികിത്സയിലാണ്. വിമാനത്താവളത്തിലെ തൊഴിലാളികൾക്കെതിരെ ഇത്തരത്തിൽ ആക്രമണം അഴിച്ചു വിട്ടതിനെതിരെ പ്രതിഷേധം ശക്തമാണ്. റമീസിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് സിയാൽ എംപ്ലോയീസ് യൂണിയൻറെ തീരുമാനം.

Previous articleകേരളത്തിന് ദീപാവലി സമ്മാനം: ബെംഗളൂരു–എറണാകുളം റൂട്ടിൽ സ്പെഷൽ വന്ദേഭാരത്
Next article2024 ഐപിഎൽ; താരലേലത്തിനുള്ള തിയതി പ്രഖ്യാപിച്ചു