Home News Kerala News മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം. സുരേഷ് ഗോപിയ്ക്കെതിരെ സിപിഐ എം, കോൺഗ്രസ്സ് നേതാക്കൾ

മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം. സുരേഷ് ഗോപിയ്ക്കെതിരെ സിപിഐ എം, കോൺഗ്രസ്സ് നേതാക്കൾ

45

കോഴിക്കോട്: മാധ്യമപ്രവർത്തക‌യ്‌ക്കെതിരെ സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ്സ്, സിപിഎം നേതാക്കൾ രംഗത്തെത്തി. വാത്സല്യം എന്നു പറഞ്ഞ് വഷളത്തരത്തെ സുരേഷ് ഗോപി വെള്ളപൂശരുതെന്ന് എ.എ. റഹീം പറഞ്ഞു. സുരേഷ് ഗോപി ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളെല്ലാം ട്രാക്ക് തെറ്റിയാണെന്നും, എന്തുചെയ്യുമ്പോഴും സൂക്ഷിക്കണമെന്നും കോൺഗ്രസ്സ് നേതാവും എംപിയുമായ കെ. മുരളീധരനും പറഞ്ഞു.

സ്മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് കൊടുത്തെന്നു വ്യാജപ്രചാരണം നടത്തി രാജ്യവ്യാപക പ്രതിഷേധം നടത്തിയവരാണ് ബിജെപിക്കാരെന്നും, സ്മൃതി ഇറാനിയും ബിജെപിയും ഇതു കാണുന്നുണ്ടാകുമെന്നും എ എ റഹിം എം പി പറഞ്ഞു. ഫ്ലയിങ് കിസ് എന്നു പറഞ്ഞാണ് പാർലമെന്റിനകത്തും പുറത്തും വലിയ പ്രചാരണങ്ങൾ നടത്തിയത്. പ്രധാനമന്ത്രിക്കു വേണ്ടപ്പെട്ട ഒരാൾ പരസ്യമായി ഇതാണ് കാണിക്കുന്നത്. വിഷയത്തിൽ സ്മൃതി ഇറാനി അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് എന്താണെന്നും റഹീം ചോദിച്ചു. ആ നിലപാടിനെ വീണ്ടും ന്യായീകരിക്കാൻ ശ്രമിച്ചത് കാണിച്ചതിനേക്കാൾ വലിയ വഷളത്തരമാണെന്നും റഹീം കുറ്റപ്പെടുത്തി.

അതെ സമയം വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തി. മാധ്യമ പ്രവർത്തകയോട് മാപ്പു ചോദിക്കുന്നതായി അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മാധ്യമങ്ങളുടെ മുന്നിൽ വച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സംഭവം മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായി സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിനിരയായ മാധ്യമപ്രവർത്തക പറഞ്ഞു. പലതവണ ആലോചിച്ചപ്പോഴും ഇതൊരു ശരിയായ പ്രവണത അല്ലെന്നു തന്നെയാണ് എനിക്കു തോന്നിയത്. മുൻപും പല മാധ്യമപ്രവർത്തകരും ഇത്തരം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ആ പ്രശ്നത്തെ ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ ഞാൻ അഭിസംബോധന ചെയ്യേണ്ടതുണ്ട്. 15 വർഷത്തിനു മുകളിലായി ഈ മേഖലയിൽ നിൽക്കുന്ന ആളാണ് ഞാൻ. അതിന്റെ അടിസ്ഥാനത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ നടത്തിയ മാപ്പപേക്ഷ തന്റെ ശ്രദ്ധയിൽപ്പെട്ടതായും മാധ്യമപ്രവർത്തക പ്രതികരിച്ചു. ചെയ്തത് തെറ്റാണെന്ന് അദ്ദേഹം മനസ്സിലാക്കണം. എന്റെ ശരീരത്തിൽ മോശമായി സ്പർശിച്ചതായാണ് എനിക്കു തോന്നിയത്. അതുകൊണ്ടായിരുന്നു അങ്ങനെയൊരു പ്രതികരണം. മാപ്പുപറച്ചിലായിട്ടല്ല. അത് വിശദീകരണമായാണ് തോന്നിയത്. അദ്ദേഹം എന്ത് ഉദ്ദേശിച്ചു എന്ന് എനിക്കറിയില്ല. ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ അപമാനിക്കപ്പെട്ടുവെന്നും മാധ്യമപ്രവർത്തക വ്യക്തമാക്കി. ഇവരുടെ മാധ്യമ സ്ഥാപനം നിയമ നടപടികൾക്ക് പിന്തുണ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

Previous articleസംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Next articleഗാസയിലെ മനുഷ്യക്കുരുതി ഉടന്‍ അവസാനിപ്പിക്കണം: എകെജി ഭവന് മുന്നില്‍ ധർണ്ണയുമായി സിപിഐ എം