Home News National news ഫോൺ ചോർത്താൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആപ്പിൾ: യെച്ചൂരിയും തരൂരുമടക്കമുള്ള നേതാക്കൾക്ക്‌ മുന്നറിയിപ്പ്‌

ഫോൺ ചോർത്താൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആപ്പിൾ: യെച്ചൂരിയും തരൂരുമടക്കമുള്ള നേതാക്കൾക്ക്‌ മുന്നറിയിപ്പ്‌

44

ന്യൂഡൽഹി: സർക്കാർ നിയന്ത്രിത ഹാക്കർമാർ ഫോൺ ചോർത്താൻ ശ്രമിക്കുന്നുവെന്ന്‌ കാണിച്ച്‌ പ്രതിപക്ഷ നേതാക്കൾക്ക്‌ ആപ്പിളിന്റെ മുന്നറിയിപ്പ്‌. സീതാറാം യെച്ചൂരി, ശശി തരൂർ, മഹുവ മൊയ്‌ത്ര, അഖിലേഷ് യാദവ് തുടങ്ങിയ രാഷ്‌ട്രീയ നേതാക്കൾക്കും നാല്‌ മാധ്യമപ്രവർത്തകർക്കുമാണ്‌ ആപ്പിളിന്റെ മുന്നറിയിപ്പ്‌ സന്ദേശങ്ങൾ ലഭിച്ചത്‌.

ഐഫോണും ഇ മെയിലും ചോർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന്‌ പറഞ്ഞാണ്‌ ഇ മെയിലുകൾ വന്നിട്ടുള്ളത്‌. ആപ്പിളില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശവും ഇ-മെയിലും മഹുവ മൊയ്‌ത്രയും പ്രിയങ്ക ചതുർവേദിയും പവൻ ഖേരയും എക്‌സില്‍ പങ്കുവെച്ചു. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഹാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണ്‍ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിള്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്. ഹാക്ക് ചെയ്‌താല്‍ ഫോണിലെ നിര്‍ണായക വിവരങ്ങളും കാമറയും മൈക്രോഫോണും വരെ നിയന്ത്രിക്കാനും ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്നും മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപ്പിള്‍ അയച്ച ഇ – മെയില്‍ സന്ദേശത്തില്‍ പറയുന്നു.

സിപിഐ എം ജനറൽ സെക്രട്ടറിയും, മുൻ എംപിയുമായ സീതാറാം യെച്ചൂരി, കോൺഗ്രസ് എംപി ശശി തരൂർ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര, ശിവസേന യുബിടി എംപി പ്രിയങ്ക ചതുർവേദി, എഎപി എംപി രാഘവ് ചദ്ദ, എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് വക്താവ് പവൻ ഖേര, സമാജ്‌വാദി പാർട്ടി പ്രസിഡന്റ്
അഖിലേഷ് യാദവ്, ദി വയർ സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ, ഡെക്കാൻ ക്രോണിക്കിൾ റെസിഡന്റ് എഡിറ്റർ
ശ്രീറാം കാരി, ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ പ്രസിഡന്റ് സമീർ സരൺ, സ്വതന്ത്ര മാധ്യമപ്രവർത്തക രേവതി എന്നിവർക്കാണ് ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചത്.

Previous articleകളമശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് പുരോഗമിക്കുന്നു
Next articleഎല്ലാം അദാനിക്ക്‌ വേണ്ടി: തന്റെ ഓഫീസിലെ മൂന്നുപേരുടെ ഫോൺ കേന്ദ്രം ചോർത്തിയെന്ന്‌ രാഹുൽ ഗാന്ധി