Home News National news ബില്ലുകൾ വൈകിപ്പിക്കുന്നു; ഗവർണർക്കെതിരെ തമിഴ്‌നാട്‌ സർക്കാർ സുപ്രീം കോടതിയിൽ

ബില്ലുകൾ വൈകിപ്പിക്കുന്നു; ഗവർണർക്കെതിരെ തമിഴ്‌നാട്‌ സർക്കാർ സുപ്രീം കോടതിയിൽ

37

ന്യൂഡൽഹി: തമിഴ്‌നാട്‌ ഗവർണർ ആർ എൻ രവിക്കെതിരെ ഡിഎംകെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകളും സർക്കാർ ഉത്തരവുകളും ഗവർണർ വൈകിപ്പിക്കുന്നു എന്ന്‌ കാണിച്ചാണ്‌ ഡിഎംകെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌. ബില്ലുകളും ഫയലുകളും സർക്കാർ ഉത്തരവുകളും നിശ്ചിത സമയപരിധിക്കുള്ളിൽ ഒപ്പിടാൻ ഗവർണറോട് നിർദേശിക്കണമെന്നാണ് റിട്ട് ഹർജിയിലെ ആവശ്യം.

സർക്കാരിനെതിരെ രാഷ്‌ട്രീയ എതിരാളിയെപ്പോലെ ഗവർണർ പെരുമാറുന്നുവെന്ന് സർക്കാർ ഹർജിയിൽ ആരോപിച്ചു. ബിജെപിക്ക്‌ വേരുണ്ടാക്കാൻ ആർ എൻ രവി പ്രവർത്തിക്കുവെന്ന്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ നേരത്തെ ആരോപിച്ചിരുന്നു. സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഫയലുകളിലും ക്രിമിനല്‍ കേസുകളില്‍ നല്‍കേണ്ട പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച ഫയലുകളിലും ഗവര്‍ണര്‍ രവി ഒപ്പുവെക്കുന്നില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിച്ചു.

2020 മുതല്‍ കൈമാറിയ 12 ബില്ലുകളാണ് തീരുമാനമെടുക്കാതെ ഗവര്‍ണര്‍ പിടിച്ചുവച്ചിരിക്കുന്നത്. ഇതിന് പുറമെ 54 തടവുകാരുടെ മോചനം സംബന്ധിച്ച ഫയലുകളിലും ഗവര്‍ണറുടെ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇവയില്‍ സമയബന്ധിതമായ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തമിഴ്‌നാട് സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ ശബരീഷ് സുബ്രമണ്യമാണ് ഹര്‍ജി ഫയല്‍ ചെയ്‌തത്.

Previous articleവിദ്വേഷ പ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു
Next articleകളമശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് പുരോഗമിക്കുന്നു