Home News Kerala News പ്രൗഢം, സമുജ്ജ്വലം കേരളീയം: ഇനി ലോകത്തിന്റെ കണ്ണ് അനന്തപുരിയിലേയ്ക്ക്

പ്രൗഢം, സമുജ്ജ്വലം കേരളീയം: ഇനി ലോകത്തിന്റെ കണ്ണ് അനന്തപുരിയിലേയ്ക്ക്

52

തിരുവനന്തപുരം: രാജ്യത്തിനു മാതൃകയായ കേരളത്തിന്റെ വികസനനേട്ടങ്ങളും, ക്ഷേമപ്രവർത്തനങ്ങളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം മുതൽ ആരംഭിക്കുന്ന കേരളീയത്തിന് തിരുവനന്തപുരത്ത്‌ തുടക്കമായി. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയം ഉദ്‌ഘാടനംചെയ്‌തു. റവന്യൂ – ഭവനനിർമ്മാണവകുപ്പ് മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷനായി.

കേരളീയം സംഘാടകസമിതി ചെയർമാനും, പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രിയുമായ വി ശിവൻകുട്ടി സ്വാഗതം പറഞ്ഞു. കേരളീയം ജനറൽ കൺവീനറും, ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ധനകാര്യ വകുപ്പ് മന്ത്രിയും, കേരളീയം സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനുമായ കെ എൻ ബാലഗോപാൽ ആമുഖപ്രഭാഷണം നടത്തി. സ്‌പീക്കർ എ എൻ ഷംസീറാണ് കേരളീയം ബ്രോഷർ പ്രകാശനം ചെയ്‌തത്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്‌ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ചലച്ചിത്ര നടൻമാരായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, നടിമാരായ ശോഭന, മഞ്ജു വാര്യർ, യുഎഇ അംബാസഡർ അബ്‌ദുൽ നാസർ ജമാൽ അൽ ശാലി, ദക്ഷിണകൊറിയൻ അംബാസഡർ ചാങ് ജെ ബോക്, ക്യൂബൻ എംബസി പ്രതിനിധി മലേന റോജാസ് മദീന, നോർവേ അംബാസഡർ മെയ് എലൻ സ്‌റ്റൈനർ,റിട്ട. ജസ്റ്റിസ് കെ ജി ബാലകൃഷ്‌ണൻ,എം എ യൂസഫലി, രവി പിള്ള, ഡോ. എം വി പിള്ള എന്നിവർ ആശംസയർപ്പിച്ചു.

പ്രൊഫ.ഡോ. അമർത്യസെൻ, ഡോ. റൊമില ഥാപ്പർ, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, വെങ്കി രാമകൃഷ്‌ണൻ, ഡോ. ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, ഡോ. തോമസ് പിക്കറ്റി, അഡ്വ. കെ കെ വേണുഗോപാൽ, ടി എം കൃഷ്‌ണ, ഉസ്‌താദ് അംജദ് അലി എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.

2 മണിയോടെ കേരളീയത്തിന്റെ വേദികൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. രണ്ടാം തീയതി മുതൽ രാവിലെ 10 മുതൽ രാത്രി 10 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. ചലച്ചിത്രമേള അടക്കം എല്ലാവേദികളിലേയ്ക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്. വേദികളുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. മേളയുടെ മുഖ്യആകർഷണമായ സെമിനാറുകൾ നവംബർ 2 മുതൽ തുടങ്ങും. രാവിലെ 9.30 മുതൽ 1.30 വരെയാണ് സെമിനാറുകൾ. കലാപരിപാടികൾ ഇന്നു വൈകിട്ടു 6.30ന് ശോഭനയുടെ നൃത്തപരിപാടിയോടെ ആരംഭിക്കും.

Previous articleമലയാള സീരിയൽ രംഗത്ത് മറ്റൊരു അപ്രതീക്ഷിത വിയോഗം കൂടി: സീരിയൽ നടി പ്രിയ അന്തരിച്ചു, എട്ട്‌ മാസം ഗർഭിണിയായിരുന്നു
Next articleതിരിച്ചടി കടുപ്പിക്കാനൊരുങ്ങി ഹമാസ്: ഗാസ ഇസ്രയേല്‍ സൈന്യത്തിന്റെ ശവപ്പറമ്പായി മാറുമെന്ന് നേതാക്കൾ