Home News Kerala News സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി: പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നത

സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി: പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നത

36

മലപ്പുറം: സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നത. രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയെന്ന മുന്നറിയിപ്പാണ് മുസ്ലീം ലീഗ്, കോൺഗ്രസിന് നൽകുന്നത്. പലസ്തീൻ ഐക്യ​​ദാർഢ്യ റാലിയിലേക്ക് സിപിഐഎം ക്ഷണിച്ചെന്ന് വ്യക്തമാക്കിയ മുസ്ലിം ലീ​ഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം, പങ്കെടുക്കണമോ എന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്ന് പറഞ്ഞു. നാളെ ഉച്ചയ്ക്ക് കോഴിക്കോട്ട് ലീഗ് നേതൃയോഗം നടക്കും. കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനം. ഏക സിവിൽ കോഡ് സെമിനാറിൽ നിന്ന് വ്യത്യസ്തമാണ് നിലവിലത്തെ സാഹചര്യമെന്നും പി എം എ സലാം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ പ്രതികരണം നടത്തിയതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.

അതെ സമയം ലീഗ് നിലപാട് പ്രശംസനീയമാണെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം എ കെ ബാലൻ പറഞ്ഞു. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷ തീരുമാനങ്ങൾക്ക് അനുകൂലമായ സമീപനമാണ് മുസ്ലീംലീഗ് സ്വീകരിക്കുന്നതെന്നും ആ നിലപാട് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ തെറ്റായ നിലപാടുകൾ ലീഗ് തിരുത്തുന്നുണ്ട്. കോൺഗ്രസിന്റെ കക്ഷത്തെ കീറസഞ്ചിയല്ല തങ്ങളെന്ന് ലീഗ് പ്രഖ്യാപിച്ചിരിക്കുയാണ് . സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പലസ്തിൻ പരാമർശത്തിൽ പിന്തുണച്ചതിലും ഗവർണറെ വിമർശിക്കുന്നതിലും ലീഗ് നിലപാട് വ്യക്തമായതാണെന്നും എ കെ ബാലന്‍ പറഞ്ഞു.

സിപിഐ എം സംഘടിപ്പിക്കുന്ന പലസ്തിൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുവാൻ തയ്യാറാണെന്ന നിലപാടാണ് മുസ്ലീം ലീഗിന്. കോൺഗ്രസ് എടുക്കുന്ന സമീപനത്തെ ഒരു തരത്തിലും പിന്തുണയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് ലീഗ്. പലസ്തീന്‍ വിഷയത്തില്‍ നടത്തുന്ന റാലിയിലേക്ക് ക്ഷണിച്ചാല്‍ വരാന്‍ സന്നദ്ധമാണ് എന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പലസ്തീന്‍ വിഷയത്തിലെ കോണ്‍ഗ്രസിന്റെ സമീപനത്തോട് യോജിക്കാന്‍ കഴിയാത്ത സാഹചര്യം ലീഗിന് വന്നുചേര്‍ന്നുവെന്നത് രാഷ്ട്രീയപ്രാധാന്യമുള്ള വിഷയമാണെന്നും എ കെ ബാലൻ പറഞ്ഞു.

Previous articleബുറൈജ്‌ അഭയാർഥി ക്യാമ്പും ആക്രമിച്ചു: ഗാസയിൽ മരണം 9000 കടന്നു
Next articleപട്ടി പരാമർശത്തിൽ ഇടഞ്ഞ് ലീഗ്: സുധാകരനെ കോൺഗ്രസ് തിരുത്തണമെന്ന് പിഎംഎ സലാം