Home News World News ആശുപത്രികൾ വളഞ്ഞ്‌ ഇസ്രയേൽ: ആശുപത്രിയിലും, അഭയാർത്ഥി ക്യാമ്പിലുമായി 63 പേർ കൊല്ലപ്പെട്ടു

ആശുപത്രികൾ വളഞ്ഞ്‌ ഇസ്രയേൽ: ആശുപത്രിയിലും, അഭയാർത്ഥി ക്യാമ്പിലുമായി 63 പേർ കൊല്ലപ്പെട്ടു

34

ഗാസ: കരയാക്രമണം രൂക്ഷമാക്കിയ ഇസ്രയേൽ സൈനിക ടാങ്കുകൾ ഗാസയിലെ ആശുപത്രികൾ വളഞ്ഞു. ഗുരുതര പരിക്കേറ്റവരടക്കം രോഗികളും സർവതും നഷ്‌ടപ്പെട്ട്‌ അഭയം തേടിയവരും ആരോഗ്യപ്രവർത്തകരും ബന്ദികളായ നിലയിലാണ്‌. പാതി തകർന്നും ഇന്ധനവും മരുന്നും തീർന്നും പ്രതിസന്ധിയിലായ ആശുപത്രികൾക്കുനേരെ നിരന്തര ആക്രമണം തുടരുകയാണ്‌.

ഗാസയിലെ പ്രധാന ആശുപത്രിയായ അൽ ഷിഫയ്ക്കുനേരെ വെള്ളിയാഴ്‌ച നടന്ന ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിൽ അഞ്ചു തവണ ബോംബാക്രമണമുണ്ടായി. സമീപത്തെ അൽ ബുറാഖ്‌ സ്‌കൂളിലെ അഭയാർഥിക്യാമ്പിനുനേരെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു.
ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11,078 ആയി. കുട്ടികളുടെ ആശുപത്രിയായ അൽ -റാന്റിസി, അൽ -നാസർ, സർക്കാർ നേത്ര, മാനസികാരോഗ്യ ആശുപത്രികൾ എന്നിവയ്‌ക്ക്‌ ചുറ്റുമാണ്‌ സൈനിക ടാങ്കുകൾ നിലയുറപ്പിച്ചിരിക്കുന്നത്‌. നൂറുകണക്കിന് രോഗികളും ആരോഗ്യ പ്രവർത്തകരും അഭയം തേടിയവരും വെള്ളമോ ഭക്ഷണമോ ഇല്ലാതെ ആശുപത്രികളിൽ കുടുങ്ങിക്കിടക്കുന്നതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രക്ഷപ്പെടാൻ അനുവദിക്കണമെന്ന് അൽ- റാന്റിസി ആശുപത്രിയിലും അൽ നാസർ ആശുപത്രിയിലും ഉള്ളവർ അഭ്യർഥിച്ചിട്ടുണ്ട്‌. ആശുപത്രികളിൽനിന്ന്‌ ഒഴിഞ്ഞുപോകണമെന്ന്‌ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഗുരുതര രോഗികളെയടക്കം എങ്ങനെ ഒഴിപ്പിക്കുമെന്ന പ്രതിസന്ധിയിലാണ്‌ ആരോഗ്യപ്രവർത്തകർ. മാത്രമല്ല, നിരന്തര വ്യോമാക്രമണം നടക്കുന്ന സലാ അൽ-ദിൻ തെരുവിന്റെ സമീപത്താണ്‌ ആശുപത്രികളുള്ളത്‌.

വെള്ളിയാഴ്ച്ച പുലർച്ചെ അൽ നാസർ ആശുപത്രിയുടെ പ്രവേശന കവാടത്തിലും പേഷ്യന്റ്‌സ് ഫ്രണ്ട് ബെനവലന്റ് സൊസൈറ്റി ഹോസ്പിറ്റലിന്റെ പരിസരത്തും ബോംബാക്രമണമുണ്ടായി. വടക്കൻ ഗാസയിലെ അൽ-അവ്ദ ഹോസ്പിറ്റലിന് ചുറ്റും ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ആംബുലൻസ് തകർന്നു. അൽ റാന്റിസി ആശുപത്രി ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിനുപിന്നാലെ ഇവിടെ തീപിടിത്തം ഉണ്ടായി. അർബുദ ബാധിതരായ കുട്ടികളെ ചികിത്സിക്കുന്ന ഗാസയിലെ ഏക ആശുപത്രിയാണിത്. ആശുപത്രികൾ വളഞ്ഞ്‌ ആക്രമിക്കപ്പെട്ടാൽ വൻ ദുരന്തമാകും സംഭവിക്കുക. ഒക്‌ടോബർ ആദ്യം അൽ അഹ്‌ലി ആശുപത്രിക്കുനേരെ നടന്ന ആക്രമണത്തിൽ 500ൽ അധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ യുദ്ധക്കുറ്റം വലിയ പ്രതിഷേധം വിളിച്ചുവരുത്തുന്നുണ്ട്.

Previous articleപ്രണയം നടിച്ച് പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡീപ്പിച്ചു: സഹപാഠികള്‍ ഉൾപ്പെടെ 3 പേർ അറസ്റ്റില്‍
Next articleകടബാധ്യതയെ തുടർന്ന് കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു: ആത്മഹത്യ വായ്പലഭിക്കാത്തതിനെ തുടർന്നെന്ന് സൂചന