Home News Kerala News കോഴിക്കോടുനിന്ന് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടുവെന്ന് സൂചന. കൊന്നു കൊക്കയിൽ തള്ളിയെന്ന് മധ്യവയസ്കന്റെ കുറ്റ സമ്മതം

കോഴിക്കോടുനിന്ന് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടുവെന്ന് സൂചന. കൊന്നു കൊക്കയിൽ തള്ളിയെന്ന് മധ്യവയസ്കന്റെ കുറ്റ സമ്മതം

51

കോഴിക്കോട്: ഏതാനും ദിവസങ്ങൾക്കു മുൻപ് കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബ (57) കൊല്ലപ്പെട്ടുവെന്ന് സൂചന. ഇവരെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയെന്ന് മലപ്പുറം സ്വദേശിയായ സമദ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. സ്വർണാഭരണം തട്ടിയെടുക്കുന്നതിനായി കൊലപ്പെടുത്തി ഗൂഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നാണ് ഇയാളുടെ മൊഴി. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

സുഹൃത്തിന്റെ സഹായത്തോടെ കാറിൽവച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് സമദ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ മൃതദേഹം ലഭിച്ചാൽ മാത്രമേ കൊലപാതകമെന്ന് ഉറപ്പിക്കാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. ഈ മാസം ഏഴിന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് സൈനബയെ കാണാതായത്. ഭര്‍ത്താവ് ജെയിംസ്‌ നൽകിയ പരാതിയെ തുടർന്ന് കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതി സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ഇയാൾ പറയുന്നത് അനുസരിച്ച് സുലൈമാൻ എന്ന സുഹൃത്തിനൊപ്പം ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൈനബയെ കോഴിക്കോടു പുതിയ ബസ് സ്റ്റാൻഡിന് അടുത്തുനിന്നും കാറിൽ കയറ്റിക്കൊണ്ടു പോയത്. സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. യാത്രാമധ്യേ വൈകിട്ട് അഞ്ചരയോടെ മുക്കത്തിന് അടുത്തുവച്ച് ഇരുവരും ചേർന്ന് സൈനബയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. സൈനബയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്നശേഷം നിലമ്പൂർ വഴി നാടുകാണി ചുരത്തിലെത്തി മൃതദേഹം അവിടെ ഉപേക്ഷിച്ചു. പ്രതിയുടെ മൊഴിപ്രകാരം കേസ് റജിസ്റ്റർ ചെയ്ത പൊലീസ്, മൃതദേഹം കണ്ടെത്തുന്നതിനായി ഗൂഡല്ലൂരിലേക്കു തിരിച്ചിട്ടുണ്ട്.

Previous articleആനക്കൂട്ടത്തെ കണ്ട് ഭയന്ന് തുഴയുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം: ആനയിറങ്കൽ ജലാശയത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
Next articleരാവിലെ ബാങ്കിലെത്തിയശേഷം വീട്ടിലേക്കു പോയ സഹകരണ ബാങ്ക് മാനേജർ തൂങ്ങിമരിച്ചു: സംഭവം ഇടുക്കി നെടുങ്കണ്ടത്ത്