Home News Kerala News ആനക്കൂട്ടത്തെ കണ്ട് ഭയന്ന് തുഴയുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം: ആനയിറങ്കൽ ജലാശയത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

ആനക്കൂട്ടത്തെ കണ്ട് ഭയന്ന് തുഴയുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം: ആനയിറങ്കൽ ജലാശയത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

40

ഇടുക്കി: ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ വള്ളംമറിഞ്ഞു കാണാതായ രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു. ചിന്നക്കനാൽ 301 ആദിവാസി കോളനി സ്വദേശികളായ നിരപ്പേൽ ഗോപി (62), പാറക്കൽ സജീവൻ (38) എന്നിവരെയാണ് ഇന്നലെ വള്ളം മറിഞ്ഞ് കാണാതായത്. വള്ളം മറിഞ്ഞതിന്റെ മറുഭാഗത്തു ജലാശയത്തിൽ 8 ആനകളുടെ ഒരു കൂട്ടവും ചക്കക്കൊമ്പൻ എന്ന ഒറ്റയാനും നിൽക്കുന്നുണ്ടായിരുന്നു. ഈ ആനക്കൂട്ടത്തെ കണ്ടു ഭയന്നു തുഴയുമ്പോഴാണു വള്ളം മറിഞ്ഞതെന്നാണ് വിവരം. 2008ൽ കാട്ടാനയുടെ ആക്രമണത്തിലാണ് വള്ളം മറിഞ്ഞു കാണാതായ സജീവന്റെ അമ്മ മോളി മരിച്ചത്.

ഇന്നലെ രാവിലെ പൂപ്പാറ ടൗണിൽ പോയി സാധനങ്ങൾ വാങ്ങി ആനയിറങ്കലിലെത്തിയ ഗോപിയും സജീവനും ഉച്ചയ്ക്കു 12 മണിയോടെ ജലാശയത്തിലൂടെ വള്ളത്തിൽ കോളനിയിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളത്തിൽ വീണ ഗോപി ഉടൻ മുങ്ങിപ്പോയി. കരയിലേക്കു നീന്തിക്കയറാൻ ശ്രമിച്ച സജീവന്റെ നിലവിളി ഇയാളുടെ മരുമകൻ രഞ്ജിത് കേട്ടിരുന്നു. രഞ്ജിത് ഓടിയെത്തിയപ്പോഴേക്കും ഗോപിയും മുങ്ങിത്താഴ്ന്നു. അഗ്നിരക്ഷാസേനയും സ്കൂബ ടീമും ഇന്നലെ മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇന്നു രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു. അനിയാണ് സജീവന്റെ ഭാര്യ. സനു, സംഗീത, സമൃദ്ധ, സന എന്നിവരാണ് മക്കൾ. പരേതയായ ലക്ഷ്മിയാണു ഗോപിയുടെ ഭാര്യ. സുമ, മോഹനൻ എന്നിവർ മക്കൾ.

Previous articleകൊച്ചിയിൽ വൻ കഞ്ചാവ്‌ വേട്ട: കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ ഒഡീഷക്കാരൻ പിടിയിൽ
Next articleകോഴിക്കോടുനിന്ന് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടുവെന്ന് സൂചന. കൊന്നു കൊക്കയിൽ തള്ളിയെന്ന് മധ്യവയസ്കന്റെ കുറ്റ സമ്മതം