Home News Kerala News മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം: സുരേഷ്‌ഗോപിയെ പോലീസ് ചോദ്യം ചെയ്യുന്നു

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം: സുരേഷ്‌ഗോപിയെ പോലീസ് ചോദ്യം ചെയ്യുന്നു

65

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഉച്ചയോടെയാണ് ചോദ്യം ചെയ്യലിനായി സുരേഷ് ഗോപി സ്റ്റേഷനിൽ ഹാജരായത്. ചോദ്യം ചെയ്യൽ ഒരു മണിക്കൂർ പിന്നിട്ടു.

നടക്കാവ് സ്‌റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യൽ മുറിയിലാണ് ചോദ്യം ചെയ്യൽ. 180 ഡിഗ്രി 4 ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങൾ, റിക്കോഡിങ് ക്യാമറ എന്നിവ സജ്ജീകരിച്ചിട്ടുള്ള മുറിയാണിത്. പ്രതിപ്പട്ടികയിലുള്ള ആളും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാണു മുറിക്കുള്ളിലുണ്ടാവുക. മുറിയിൽനിന്നു പുറത്തേ കാഴ്ചകൾ കാണാനാകും. എന്നാൽ പുറത്തുനിന്നു അകത്തെന്തു നടക്കുന്നുവെന്ന് കാണാനാകില്ല. ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ ശീതീകരിച്ച മുറിയിലുണ്ട്. മൂന്ന് അഭിഭാഷകർ സുരേഷ് ഗോപിക്കായി സ്‌റ്റേഷനിലെത്തിയിട്ടുണ്ട്.

അതേസമയം നിരവധി ബിജെപി പ്രവർത്തകർ ചോദ്യം ചെയ്യൽ നടക്കുന്ന പൊലീസ് സ്‌റ്റേഷനു പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്. പ്രവർത്തകർ ജാഥയായാണ് നടക്കാവ് പൊലീസ് സ്റ്റേഷനു മുന്നിൽ എത്തിയത്. കേരളമാകെ എസ് ജിക്കൊപ്പം എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ എത്തിയത്. ഗെയ്റ്റിനു മുന്നിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നാല് വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് കടത്തിവിടണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാൽ, അനുവദിക്കില്ലെന്ന് അറിയിച്ച പൊലീസ്, സുരേഷ് ഗോപിയുടെ വാഹനം മാത്രം കടത്തിവിട്ടു. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശി. സംഘർഷത്തെ തുടർന്ന് കണ്ണൂർ റോഡിലെ ഗതാഗതം തടസപ്പെട്ടു. ബസ്സുകൾ വഴി തിരിച്ചുവിട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റു നേതാക്കളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, വി.കെ.സജീവൻ അടക്കമുള്ള നേതാക്കളും പദയാത്രയായി സ്റ്റേഷനിലെത്തിയിരുന്നു.

നവംബർ 18നകം ഹാജരാകണമെന്ന് നിർദേശിച്ച് പൊലീസ് നോട്ടിസ് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സ്റ്റേഷനിൽ ഹാജരായത്. ഒക്ടോബർ 27നാണു സുരേഷ് ഗോപിക്കെതിരായ പരാതിക്ക് ആസ്പ‍ദമായ സംഭവം നടന്നത്. കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നൽകി.

വിഷയത്തിൽ വിശദീകരണവുമായും മാപ്പു പറഞ്ഞും സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. മോശം പെരുമാറ്റത്തിൽ ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്. സിആർപിസി 114 ഉം ചുമത്തിയിട്ടുണ്ടെന്നാണ് സൂചന.

Previous articleകോഴിക്കോട് സൈനബവധം: കൂട്ടുപ്രതി സുലൈമാൻ പിടിയിൽ
Next articleമാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം: സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു