Home Sports തോൽവി അറിയാതെ ഇന്ത്യ: ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചുകയറി ടീം ഇന്ത്യ

തോൽവി അറിയാതെ ഇന്ത്യ: ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചുകയറി ടീം ഇന്ത്യ

67

മുംബൈ: ഏകദിന ലോകകപ്പിന്‍റെ ഒന്നാം സെമിഫൈനലിലും തോൽവി അറിയാതെ ഇന്ത്യ ഫൈനലിലേക്ക് കടന്നു. ഏകദിന ലോകകപ്പിന്‍റെ ഒന്നാം സെമിഫൈനലിൽ ആവേശകരമായ അന്ത്യത്തിൽ എഴുപത് റൺസിന്‌ ന്യൂസിലൻഡിനെ തകർത്താണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നാല്‌ വിക്കറ്റിൽ മുന്നൂറ്റിതൊണ്ണൂറ്റിയേഴ് റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് പത്ത് വിക്കറ്റിന് മുന്നൂറ്റി ഇരുപത്തിയേഴ് റൺസ് നേടാൻ കഴിഞ്ഞുള്ളു.

സൂപ്പർ താരം വിരാട് കോലിയും ശ്രേയസ് അയ്യരും ബാറ്റിങ്ങിലും, പേസർ മുഹമ്മദ് ഷമി ബോളിങ്ങിലും തിളങ്ങിയപ്പോൾ കിവീസിനെതിരെ 70 റണ്‍സിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലൻഡിന്റെ മറുപടി 327 റൺസിൽ അവസാനിച്ചു. ഇന്ത്യ 50 ഓവറിൽ 4ന് 397 റൺസ്. ന്യൂസീലൻഡ് 48.5 ഓവറിൽ 327ന് പുറത്ത് എന്നതാണ് സ്കോർ നില.

അതേസമയം സെഞ്ചറിയുമായി കളം നിറഞ്ഞ ഡാരിൽ മിച്ചലിന്റെ ഒറ്റയാൾ പോരാട്ടം ന്യൂസീലൻഡിനെ ജയത്തിലെത്തിക്കാൻ പ്രാപ്തമായില്ല. ഇന്ത്യ ഉയർത്തിയ 398 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡിന് സ്കോര്‍ ബോർഡിൽ 39 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന് ക്യാച്ച് നൽകിയാണ് ഡെവോൺ കോൺവേയും രചിൻ രവീന്ദ്രയും പുറത്തായത്. ഇരുവരും 13 റൺസ് വീതമാണ് നേടിയത്. പിന്നീടൊന്നിച്ച വില്യംസൻ – മിച്ചൽ സഖ്യം ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 181 റൺസ് കൂട്ടിച്ചേർത്തു. ന്യൂസീലൻഡിനായി ഡാരിൽ മിച്ചല്‍ സെഞ്ചറിയും (134) ക്യാപ്റ്റൻ കെയ്ൻ വില്യംസൻ അര്‍ധ സെഞ്ചറിയും (69) നേടി പുറത്തായി. നാളെ നടക്കുന്ന രണ്ടാം സെമിയിലെ ജേതാവുമായി ഞായറാഴ്ച ഇന്ത്യ ഫൈനലിൽ ഏറ്റുമുട്ടും.

Previous articleപേര്യ മാവോയിസ്റ്റ് ഏറ്റുമുട്ടൽ: രക്ഷപ്പെട്ടവർക്കായി ലുക്കൗട്ട് നോട്ടീസ്
Next articleകെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം: അധ്യാപകൻ അറസ്റ്റിൽ