Home Sports ലോകകപ്പ് സെമിയിൽ ഇന്ത്യൻ പടയോട്ടം: ഇന്ത്യ കൂറ്റൻ സ്കോറിലേയ്ക്ക്

ലോകകപ്പ് സെമിയിൽ ഇന്ത്യൻ പടയോട്ടം: ഇന്ത്യ കൂറ്റൻ സ്കോറിലേയ്ക്ക്

55

മുംബൈ: ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. അർധ സെഞ്ചറികൾ നേടിയ ഓപ്പണർ ശുഭ്മൻ ഗില്ലിന്റേയും സൂപ്പർ താരം വിരാട് കോലിയുടേയും ഇന്നിങ്സുകൾ ഇന്ത്യൻ സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. 65 പന്തിൽ 79 റൺസെടുത്തു നിൽക്കേ പേശീവലിവിനേത്തുടർന്ന് ഗില്ലിന് ക്രീസ് വിടേണ്ടി വന്നു. എന്നാൽ അര്‍ധ സെഞ്ചറിയുമായി ബാറ്റിങ് തുടരുന്ന കോലിയുടെ മികവിൽ ഇന്ത്യ 28.1 ഓവറുകളിൽ 200 പിന്നിട്ടു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശർമയും ശുഭ്മന്‍ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യവിക്കറ്റിൽ ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ ലോകകപ്പിൽ കൂടുതൽ സിക്സുകളെന്ന റെക്കോർഡും ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കി. 27 ഇന്നിങ്സുകളിൽനിന്ന് 50 സിക്സാണ് രോഹിത്ത് അടിച്ചെടുത്തത്. 34 ഇന്നിങ്സുകളിൽ 49 സിക്സുകൾ അടിച്ച വെസ്റ്റിൻഡീസ് മുൻ താരം ക്രിസ് ഗെയ്‍ലിനെയാണ് രോഹിത് ശർമ പിന്നിലാക്കിയത്.

ലോകകപ്പിൽ 1,500 റണ്‍സും രോഹിത് സെമി ഫൈനൽ പോരാട്ടത്തിൽ പിന്നിട്ടു. മത്സരത്തിൽ 29 പന്തുകൾ നേരിട്ട താരം 47 റൺസെടുത്തു പുറത്തായി. ടിം സൗത്തിയുടെ പന്തിൽ കെയ്ൻ വില്യംസൻ ക്യാച്ചെടുത്താണ് രോഹിത്തിന്റെ പുറത്താകൽ. സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന ശുഭ്മൻ ഗില്‍ കടുത്ത പേശീവലിവിനേത്തുടർന്ന് 23–ാം ഓവറിൽ ക്രീസ് വിട്ടു. പിന്നാലെ വിരാട് കോലി അർധ സെഞ്ചറി പൂർത്തിയാക്കി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന താരമെന്ന റെക്കോർഡും കോലി സ്വന്തമാക്കി. ഈ ലോകകപ്പിൽ കോലിയുടെ എട്ടാമത്തെ 50+ സ്കോറാണിത്. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ, ഷാക്കിബ് അൽഹസൻ എന്നിവരുടെ റെക്കോർഡാണ് പഴങ്കഥയായത്. 29 ഓവർ പിന്നിടുമ്പോൾ അർധ സെഞ്ചറിയുമായി വിരാട് കോലിയും (57*) 17 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ.

ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മത്സരത്തിൽ നെതർലൻ‍ഡ്സിനെ കീഴടക്കിയ ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കിവീസിനെ നേരിടുന്നത്. ന്യൂസീലൻഡ് ടീമിലും മാറ്റങ്ങളില്ല. മികച്ച ബാറ്റിങ് ട്രാക്കാണ് വാങ്കഡെയിലേത്. ബൗണ്ടറിയിലേക്കു ദൂരം കുറവാണെന്നതും സ്കോറിങ് അനായാസമാക്കുന്നു. ഈ ലോകപ്പിൽ ഇവിടെ നടന്ന 4 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ ശരാശരി സ്കോർ 357 റൺസാണ്. പകലും രാത്രിയുമായി നടക്കുന്ന മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് ഈ സ്റ്റേഡിയത്തിൽ വിജയസാധ്യത.

Previous articleമാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം: സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു
Next articleകശ്‌മീരിൽ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 36 പേർ മരിച്ചു: നിരവധിപേർക്ക്‌ പരിക്ക്‌