Home News മധ്യപ്രദേശും, ഛത്തീസ്‌ഗഡും പോളിംഗ് ബൂത്തിൽ. ജനവിധി ഉറ്റുനോക്കി രാജ്യം

മധ്യപ്രദേശും, ഛത്തീസ്‌ഗഡും പോളിംഗ് ബൂത്തിൽ. ജനവിധി ഉറ്റുനോക്കി രാജ്യം

40

ന്യൂഡൽഹി: മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും നിയമ സഭ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മധ്യപ്രദേശിലെ മൊത്തം മണ്ഡലങ്ങളിലും ഛത്തീസ്‌ഗഢിലെ 70 മണ്ഡലത്തിലുമാണ് പോളിം​ഗ് നടക്കുന്നത്. മധ്യപ്രദേശിൽ കോൺഗ്രസും ഛത്തീസ്‌ഗഢിൽ ബിജെപിയും ഭരണമാറ്റത്തിന്‌ ശ്രമിക്കുന്നു. ഛത്തീസ്‌ഗഢിൽ 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച്‌ കഴിഞ്ഞ തവണ തൊണ്ണൂറിൽ 68 സീറ്റ്‌ നേടിയാണ് കോൺഗ്രസിന്‌ അധികാരത്തിലെത്തിയത്. കർഷകരുടെയും ആദിവാസികളുടെയും പിന്തുണയാണ്‌ 2018ൽ കോൺഗ്രസിന്‌ മികച്ച വിജയം സാധ്യമാക്കിയത്‌. വിളകൾക്ക്‌ മെച്ചപ്പെട്ട വില ലഭിക്കാത്തതിലുള്ള കർഷക രോഷവും, വർഗീയവൈരം ഇളക്കി ആദിവാസി ക്രൈസ്‌തവരെ സംഘപരിവാർ സംഘടനകൾ ആക്രമിച്ചപ്പോൾ സംസ്ഥാന സർക്കാർ നിഷ്‌ക്രിയത്വം പാലിച്ചതും കോൺഗ്രസ്സിന് തിരിച്ചടിയാകുമെന്ന ഭീതിയുണ്ട്. വോട്ടെടുപ്പിന്‌ തൊട്ടുമുമ്പ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേലിനെതിരെ ഉയർത്തിയ 508 കോടി രൂപയുടെ മഹാദേവ വാതുവയ്‌പ്‌ കുംഭകോണ ആരോപണവും പ്രചാരണ രംഗത്ത് കോൺഗ്രസിന് ക്ഷീണമായി. ഛത്തീസ്‌ഗഢിൽ രണ്ടാംഘട്ടത്തിൽ 958 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1.68 കോടി വോട്ടർമാർ വിധിയെഴുതും. ഒന്നാംഘട്ടത്തിൽ 40 ലക്ഷം വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.

മധ്യപ്രദേശിൽ 230 സീറ്റുകളിലായി 2533 സ്ഥാനാർഥികൾ ജനവിധി തേടുന്നു. മൊത്തം 5.60 കോടി വോട്ടർമാരാണ്‌ ഇവിടെ ഇന്ന് പോളിംഗ് ബൂത്തിലെത്തുക. കഴിഞ്ഞതവണ കോൺഗ്രസിന്‌ 114, ബിജെപിക്ക്‌ 109 സീറ്റ്‌ എന്നിങ്ങനെയായിരുന്നു കക്ഷി നില. കോൺഗ്രസ്‌ സർക്കാരിനെ 15 മാസത്തിനുള്ളിൽ കൂറുമാറ്റത്തിലൂടെ അട്ടിമറിച്ച ബിജെപിക്ക്‌ നിലവിൽ 127 അംഗങ്ങളുണ്ട്‌. രണ്ട്‌ സംസ്ഥാനത്തും ബിജെപിയുടെ മുഖ്യപ്രചാരകൻ പ്രധാനമന്ത്രി മോദിയായിരുന്നു. കോൺഗ്രസിനുവേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റാലികളിൽ പങ്കെടുത്തു.

Previous articleഒന്നിച്ചു നിന്ന് സഹകരണ മേഖലയെ സംരക്ഷിക്കും: അബ്ദുൽ ഹമീദ്‌ എംഎൽഎ‌
Next articleശബരിമല മതേതരത്വത്തിന്റെ പ്രതീകം: മന്ത്രി കെ രാധാകൃഷ്ണൻ