Home News Kerala News റോബിൻ ബസ് സർവീസ് തുടങ്ങി: പത്തനംതിട്ടയിലും പാലായിലും ബസ് തടഞ്ഞ് മോട്ടോർവാഹനവകുപ്പ്

റോബിൻ ബസ് സർവീസ് തുടങ്ങി: പത്തനംതിട്ടയിലും പാലായിലും ബസ് തടഞ്ഞ് മോട്ടോർവാഹനവകുപ്പ്

120

പത്തനംതിട്ട: ടൂറിസ്റ്റ് ബസ് ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇളവുകളുടെ അടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ച റോബിൻബിസിനെ വിടാതെ പിന്തുടർന്ന് മോട്ടോ വാഹന വകുപ്പ്. മുൻപ് സർവീസ് ആരംഭിച്ച ഘട്ടത്തിൽ മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞ് ഫിറ്റ്നസ് റദ്ദാക്കിയത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഓഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്കു സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. വൈപ്പർ ബ്ലേഡിനു കനംകുറവ്. മഡ്ഫ്ലാപ് നട്ട് അയഞ്ഞു കിടക്കുന്നു. ബ്രേക്ക് ചവിട്ടുമ്പോൾ എയർ പോകുന്ന ശബ്ദം കേൾക്കുന്നു. യാത്രക്കാരുടെ ഫുട്‌റെസ്റ്റിന്റെ റബറിനു തേയ്മാനം തുടങ്ങി നിസാര കാരണങ്ങൾ പറഞ്ഞായിരുന്നു ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയത്. മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അപകടാവസ്ഥയിലുള്ള കെ എസ് ആർ ടി സി ബസുകൾ നിർബാധം സർവീസ് നടത്തുമ്പോഴാണ് നിസാരകാരണങ്ങൾ പറഞ്ഞ് അന്ന് റോബിൻ ബസിന്റെ ഫിറ്റസ് റദ്ദാക്കിയത്. 45 ദിവസങ്ങൾക്കു ശേഷം കുറവുകൾ പരിഹരിച്ചു ബസ് ഫിറ്റ്നസ് ടെസ്റ്റ് പാസായാണ് ഇന്ന് വീണ്ടും സർവീസ് ആരംഭിച്ചത്.

റോബിന്‍ ബസ് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് സര്‍വീസ് പുനരാരംഭിച്ചതിന് പിന്നാലെ ബസ് 100 മീറ്റർ പിന്നിട്ടപ്പോൾ പരിശോധനയുമായി എത്തിയ എംവിഡി പെർമിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടു. പരിശോധന തുടരുമെന്ന് എംവിഡി അറിയിച്ചു. തുടർന്ന് പാലാ ഇടപ്പാടിയിൽ വച്ച് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും ബസ് തടഞ്ഞു. എന്നാൽ നാട്ടുകാരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് ബസ് വിട്ടയച്ചു.

യാത്രക്കാർക്ക് കെ എസ് ആർ ടി സിയെക്കാൾ മികച്ച സൗകര്യങ്ങൾ നൽകുന്ന ബസിനെതിരെ പ്രതികാര ബുദ്ധിയോടെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം. കോൺട്രാക്ട് കാരിയേജ് പെർമിറ്റുള്ള റോബിൻ ബസിന് ബോർഡ് വച്ച് സർവീസ് നടത്താൻ അനുമതിയില്ല എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ന്യായീകരണം. എന്നാൽ സമാനമായ രീതിയിൽ വൻകിട ഓപ്പറേറ്റർമാരുടെ നിരവധി ബസുകൾ സമീപ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും യാത്രക്കാരുമായി സർവീസ് നടത്തുന്നത് കണ്ടിട്ടും മോട്ടോർ വാഹന വകുപ്പ് അത്തരം ബസുകൾക്കെതിരെ നടപടിയെടുക്കുന്നുമില്ല. നിലവിനാൽ കോടതിയുടെ അനുകൂല ഉത്തരവുമായി സർവീസ് നടത്തുന്ന റോബിൻ ബസിനെതിരെമാത്രം നിരന്തരം നടപടിയെടുക്കുന്നത് ജനങ്ങളുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

അതേസമയം കോടതിയാണോ മോട്ടർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നുമായിരുന്നു ബസ് ഉടമ പാലാ സ്വദേശി ബേബി ഗിരീഷിന്റെ പ്രതികരണം. പരിശോധനയെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ബസിന്‍റെ യാത്ര. കോയമ്പത്തൂർ വരെ ബസുടമയും യാത്രയിൽ പങ്കെടുക്കുന്നുണ്ട്.

Previous articleകോഴിക്കോട്‌ പെട്രോൾ പമ്പിൽ സിനിമ സ്റ്റൈലിൽ കവര്‍ച്ച. ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ്‌ തലയിൽ മുണ്ടിട്ട്‌ മൂടി
Next articleഐഎഫ്എഫ്‌കെ: കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ 6 ക്യൂബന്‍ ചിത്രങ്ങൾ