Home News World News ആക്രമണം കടുപ്പിച്ച് ഇസ്രയേൽ: ജബാലിയ ക്യാമ്പിൽ 
200 മരണം

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ: ജബാലിയ ക്യാമ്പിൽ 
200 മരണം

49

ഗാസ: തുടർച്ചയായ മൂന്ന്‌ ദിവസങ്ങളിലായി ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിലേക്ക്‌ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 200 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച മാത്രം രണ്ട്‌ ആക്രമണങ്ങളിലായി 80 പേർ കൊല്ലപ്പെട്ടു. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ട്‌. കൊല്ലപ്പെട്ടവരിൽ 19 കുട്ടികളടക്കം ഒരു കുടുംബത്തിലെ 32 പേരുണ്ട്‌. ആറാഴ്ച കടന്ന യുദ്ധത്തിൽ 16 ലക്ഷം പലസ്തീനികൾ ഭവനരഹിതരായ ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പിലേക്കാണ്‌ ഇസ്രയേൽ തുടർ ആക്രമണം നടത്തുന്നത്‌. ഗാസയിലെ അൽ ഫഖൂറ സ്കൂളിൽ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചപ്പോൾ അഭയാർഥി കേന്ദ്രമാക്കി മാറ്റിയ യുഎൻ സ്കൂളാണിത്‌. ശനിയാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. നിരവധിയാളുകൾക്ക്‌ പരിക്കേറ്റു.

അതേസമയം, ഇസ്രയേൽ സൈന്യം പിടിച്ചെടുത്ത അൽ ഷിഫ ആശുപത്രിയിൽനിന്ന്‌ ആളുകളെ കൂട്ടമായി ഒഴിപ്പിക്കുകയാണ്‌. രോഗികളും ആരോഗ്യപ്രവർത്തകരും അഭയം തേടിയവരുമടക്കം ഏഴായിരത്തിലധികം പേർ ഇവിടെയുണ്ടായിരുന്നു. ശനിയാഴ്ച ആളുകൾ കൂട്ടംകൂട്ടമായി കാൽനടയായി പുറത്തേക്ക്‌ പോകുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. വെള്ളിയാഴ്ച രാത്രി ആശുപത്രിക്കുള്ളിൽ വലിയ സ്‌ഫോടനം ഉണ്ടായി.

നാലാംദിവസവും ഇസ്രയേൽ സൈന്യം ആശുപത്രിയിൽ തമ്പടിച്ചിരിക്കുകയാണ്‌. ഗുരുതരാവസ്ഥയിലുള്ള 120 രോഗികളും തീവ്രപരിചരണം ആവശ്യമുള്ള നവജാത ശിശുക്കളും ആശുപത്രിയിലുണ്ടെന്ന്‌ ഹമാസ്‌ ആരോഗ്യ മന്ത്രാലയം പറഞ്ഞു. എന്നാൽ, തങ്ങൾ ഒഴിപ്പിക്കൽ ഉത്തരവ്‌ നൽകിയിട്ടില്ലെന്നാണ്‌ ഇസ്രയേൽ വാദം. ഹമാസ്‌ കേന്ദ്രമാണെന്ന്‌ ആരോപിച്ച്‌ ആശുപത്രിയുടെ ഓരോ ഭാഗമായി തകർക്കുകയാണ്‌ ഇസ്രയേൽ സൈന്യം.

തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ ഹമാദ്‌ നഗരത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളടക്കം 28 പേർ കൊല്ലപ്പെട്ടു. ഗാസയിലാകെ ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12,000 ആയി. ശനിയാഴ്ച റാഫ അതിർത്തിവഴി ഒരു ട്രക്ക്‌ ഇന്ധനം ലഭിച്ചതായി ഗാസയിലെ യു എൻ ഏജൻസികൾ പറഞ്ഞു.

Previous articleലോകത്തിന്റെ കണ്ണ് നരേന്ദ്രമോദി സ്റ്റേഡിയത്തിലേയ്ക്ക്: ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനൽ പകൽ രണ്ടുമുതൽ
Next articleഉത്തരാഖണ്ഡ് തുരങ്ക അപകടം: രക്ഷാദൗത്യം കടുത്ത പ്രതിസന്ധിയില്‍, മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഡ്രില്ലിങ് ഉപേക്ഷിച്ചു