Home News Kerala News കാത്തിരിപ്പ് വിഫലം: ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കാത്തിരിപ്പ് വിഫലം: ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

82

പാലാ: ഒരു രാത്രിയും പകലും നീണ്ട കാത്തിരിപ്പുകൾ വിഫലമാക്കി ഹെലൻ ഓർമ്മയായി. കോട്ടയം ഭരണങ്ങാനത്ത് സ്‌കൂളിൽനിന്നു വീട്ടിലേക്കു വരുന്നതിനിടെ കാൽവഴുതി കൈത്തോട്ടിൽ വീണാണ് 13കാരിയായ ഹെലൻ ഒഴുക്കിൽപ്പെട്ടത്. പടിഞ്ഞാറേ പൊരിയത്ത് അലക്സിന്റെ മകൾ ഹെലൻ അലക്സിന്റെ മൃതദേഹം ഇന്നു വൈകിട്ടോടെയാണ് കണ്ടെത്തിയത്. കാണാതായ സ്ഥലത്തുനിന്നും 25 കിലോമീറ്ററോളം മാറിയാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകിട്ടും ഇന്നുമായി മീനച്ചിലാറിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നതിനിടെയാണ് പേരൂർ ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 5നു ഭരണങ്ങാനം ചിറ്റാനപ്പാറയ്ക്കു സമീപമായിരുന്നു സംഭവം. സ്കൂൾ വിട്ടുവരുന്ന വഴി രണ്ടു കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. ഹെലന്റെ ഒപ്പമുണ്ടായിരുന്ന നിവേദ്യയെ അപ്പോൾത്തന്നെ രക്ഷപ്പെടുത്തിയിരുന്നു. അപ്പോഴേക്കും ഹെലനെ ഒഴുക്കിൽപ്പെട്ടു കാണാതായി. ഭരണങ്ങാനം എസ്എച്ച് ഗേൾസ് ഹൈസ്കൂളിലെ 8-ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഹെലൻ.

Previous articleനവകേരള സദസ്സ്: ആദ്യ അഞ്ചു ദിവസത്തിനിടയിൽ ലഭിച്ചത് 42,862 നിവേദനങ്ങൾ
Next articleട്വന്റി 20 ആവേശത്തെ വരവേൽക്കാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങി. ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ ഇന്നെത്തും