Home News National news നീതിയുടെ നഭസിലെ പെൺ താരകം ഇനി ഓർമ്മ. ആദ്യ സുപ്രീംകോടതി വനിതാ ജഡ്ജി ജസ്റ്റിസ് എം...

നീതിയുടെ നഭസിലെ പെൺ താരകം ഇനി ഓർമ്മ. ആദ്യ സുപ്രീംകോടതി വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു

59

കൊല്ലം: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരമോന്നത പദവിയിൽ ആദ്യമായി എത്തിയ വനിത എന്ന വിശേഷണം സ്വന്തം പേരിൽ കുറിച്ചിട്ട് കേരളത്തിന് അഭിമാനമായ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. മുസ്ലീം വിഭാഗത്തിൽ നിന്ന് ആദ്യമായി ഗവർണർ പദവിയിലെത്തിയ വനിതാ എന്ന റെക്കോർഡും ജസ്റ്റിസ് ഫാത്തിമ ബീവിയുടെ പേരിലാണ്. ഇന്ന് 12 മണിയോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

രാജ്യത്തിന്റെ സുപ്രീംകോടതിയിൽ 1989-ലാണ് ആദ്യത്തെ വനിതാ ജഡ്ജിയായി ഫാത്തിമ ബീവി നിയമിതയായത്. കോടതിയിൽ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023-ൽ കേരള പ്രഭ അവാർഡ് നൽകി സംസ്ഥാനം ആദരിച്ചു.

1927 ഏപ്രിൽ 30 ന് തിരുവിതാംകൂർ രാജ്യത്തിലെ ഭാഗമായിരുന്ന ഇന്നത്തെ പത്തനംതിട്ടയിൽ അന്നവീട്ടിൽ മീർ സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി റൗതർ കുടുംബത്തിലായിരുന്നു ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ടയിലെ ടൗൺ സ്‌കൂളിലും കാതോലിക്കേറ്റ് ഹൈസ്‌കൂളിലും പഠിച്ച അവർ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിഎസ്‌സി നേടി. തുടർന്ന് തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിഎൽ നേടി 1950 നവംബർ 14-ന് അഭിഭാഷകയായി എൻറോൾ ചെയ്തു. 1950-ൽ ബാർ കൗൺസിൽ പരീക്ഷയിൽ ഒന്നാമതെത്തി. കേരളത്തിലെ ലോവർ ജുഡീഷ്യറിയിലാണ് അവർ തന്റെ കരിയർ ആരംഭിച്ചത് .

Previous articleവ്യാഘ്രാലയേശൻറെ തിരുമുറ്റത്ത് ഇനി ഉത്സവാഘോഷത്തിന്റെ 13 പകലിരവുകൾ. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വൃശ്ചികാഷ്ടമി മഹോത്സവത്തിന് നാളെ കൊടിയേറും
Next articleവ്യാജ ഐഡി കേസ്: പ്രതികൾ സഞ്ചരിച്ചത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ