Home News Kerala News നവകേരള സദസ്സ്: ആദ്യ അഞ്ചു ദിവസത്തിനിടയിൽ ലഭിച്ചത് 42,862 നിവേദനങ്ങൾ

നവകേരള സദസ്സ്: ആദ്യ അഞ്ചു ദിവസത്തിനിടയിൽ ലഭിച്ചത് 42,862 നിവേദനങ്ങൾ

43

കല്പറ്റ: അഞ്ചുദിവസങ്ങളിലായി 16 കേന്ദ്രങ്ങളിൽ നടന്ന നവകേരള സദസ്സിൽ ഇതുവരെ 42,862 നിവേദനങ്ങൾ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട്ട് 14,232ഉം, കണ്ണൂർ ജില്ലയിൽ 28,630ഉം പരാതികൾ ലഭിച്ചു. ഇവ പരിശോധിച്ച് പരിഹാരം ഉറപ്പാക്കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ മുന്നോട്ടു വരുന്നത് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ്. എന്നാൽ പരാതികൾ തീർപ്പാക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്ന്‌ മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലിൽ 5,40,722 പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതിൽ 5,36,525 എണ്ണത്തിലും പരിഹാരം കണ്ട് കഴിഞ്ഞു. അവശേഷിക്കുന്ന 4,197 പരാതികളിൽ നടപടികൾ പുരോഗമിക്കുകയാണ്. ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകളിൽ 76,551 പരാതികളാണ് ലഭിച്ചത്. 69,413 എണ്ണത്തിൽ തീർപ്പുണ്ടായി. ബാക്കിയുള്ള 7,138 പരാതികൾ പരിശോധനയിലാണ്. നവകേരള സദസ്സ്‌ ഇങ്ങനെ സഞ്ചരിക്കുമ്പോൾ ഭരണം സ്തംഭിക്കില്ലേ എന്നായിരുന്നു ആദ്യം ചിലർ ചോദിച്ചത്.

ഭരണം കൃത്യമായി മുന്നോട്ടു പോകുന്നു. സെക്രട്ടറിയറ്റ് പതിവുപോലെ പ്രവർത്തിക്കുന്നുണ്ട് . മന്ത്രിസഭാ യോഗം സഞ്ചാരമധ്യേ കൃത്യമായി ചേരുന്നു. അപ്പോൾ പുതിയ ആക്ഷേപം ഹോട്ടലിൽ മന്ത്രിസഭാ യോഗം ചേർന്നു എന്നാണ്. ക്ഷീരമുള്ള അകിടിൻ ചുവട്ടിലും കൊതുക്‌ ചോര തേടുന്ന അതേ സ്വഭാവമാണിത്‌. ഇത്തരം വിലകുറഞ്ഞ ആക്ഷേപങ്ങൾക്ക മറുപടി നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous articleമഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Next articleകാത്തിരിപ്പ് വിഫലം: ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി