Home News വെടി നിർത്തൽ ധാരണ ലംഘിച്ച് ഇസ്രായേൽ. വടക്കൻ ഗാസ കൈയടക്കിയെന്ന്‌ സൈന്യം

വെടി നിർത്തൽ ധാരണ ലംഘിച്ച് ഇസ്രായേൽ. വടക്കൻ ഗാസ കൈയടക്കിയെന്ന്‌ സൈന്യം

42

ഗാസ: വടക്കൻ ഗാസയുടെ നിയന്ത്രണം ഹമാസിന്‌ നഷ്ടമായെന്ന്‌ അവകാശപ്പെട്ട്‌ ഇസ്രയേൽ സൈന്യം രംഗത്ത്. വടക്കൻമേഖല തങ്ങൾ പൂർണമായും പിടിച്ചെടുത്തെന്ന്‌ ഗാസ നിവാസികളെ അറിയിച്ച സൈന്യം, മേഖലയിൽനിന്ന്‌ പൂർണമായും ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു. ജബാലിയ, ഷുജൈയ മേഖലയിലുള്ളവർ വാദി ഗാസയുടെ തെക്കൻ പ്രദേശത്തേക്ക്‌ മാറണമെന്നാണ്‌ നിർദേശം.

വെടിനിർത്തൽ ധാരണയായതിനുശേഷവും ഗാസയിൽ വ്യാപകമായ ആക്രമണമാണ്‌ ഇസ്രയേൽ സൈന്യം നടത്തുന്നത്‌. വ്യാഴാഴ്ച 300 ഇടങ്ങളിൽ വൻ ആക്രമണമുണ്ടായി. ഹമാസിന്റെ തുരങ്കങ്ങൾ, ആയുധപ്പുരകൾ, ആയുധ നിർമാണശാലകൾ എന്നിവ തകർത്തതായി സൈന്യം അവകാശപ്പെട്ടു. ഖാൻ യൂനിസിലെ മൂന്ന്‌ മോസ്കുകൾ തകർത്തു. വാദി ഗാസ മേഖലയിലെ ആശുപത്രികളുടെയെല്ലാം പ്രവർത്തനം നിലച്ചു.

വടക്കൻ ഗാസ കൊടുംപട്ടിണിയിലേക്ക്‌ കൂപ്പുകുത്തുകയാണെന്ന്‌ യുഎൻ ഏജൻസികൾ മുന്നറിയിപ്പ്‌ നൽകി. വടക്കൻ മേഖലയിൽ തുർക്കിയ സഹകരണത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിയിൽനിന്ന്‌ ഖാൻ യൂനിസിലേക്ക്‌ ഒഴിപ്പിക്കവേ, നാല്‌ രോഗികൾ മരിച്ചു. യുദ്ധത്തിൽ ഇതുവരെ 14,500 ഗാസ നിവാസികൾ കൊല്ലപ്പെട്ടു.

അതെ സമയം അൽ ഷിഫ ആശുപത്രിയുടെ ഡയറക്ടർ അബു സലാമിയയെ ഇസ്രയേൽ പട്ടാളം അറസ്റ്റ്‌ ചെയ്തു. ഇസ്രയേൽ പിടിച്ചെടുത്ത ആശുപത്രിയിൽ ഹമാസ്‌ ഉപയോഗിച്ചിരുന്ന തുരങ്കം കണ്ടെത്തിയെന്ന്‌ ആരോപിച്ചാണ്‌ അറസ്റ്റ്‌. ആശുപത്രിയിൽ സൈന്യം വലിയതോതിൽ നശീകരണം നടത്തുകയാണെന്ന്‌ ആശുപത്രി മാനേജ്‌മെന്റ്‌ പറഞ്ഞു. ആശുപത്രിയിൽനിന്ന്‌ ആളുകളെ ഒഴിപ്പിക്കാൻ ലോകാരോഗ്യ സംഘടനയുമായി ഇനി സഹകരിക്കില്ലെന്ന്‌ ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Previous articleട്വന്റി 20 ആവേശത്തെ വരവേൽക്കാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങി. ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ ഇന്നെത്തും
Next articleതുടർച്ചയായ പെർമിറ്റ് ലംഘനം: റോബിൻ ബസ് പൊലീസ് ക്യാംപിൽ