Home News National news തൊഴിലാളികളുടെ കാത്തിരിപ്പ് പതിമൂന്നാം ദിനം. ഉത്തരകാശിയിലെ രക്ഷാപ്രവർത്തനം ഉച്ചയോടെ പുനരാരംഭിക്കും

തൊഴിലാളികളുടെ കാത്തിരിപ്പ് പതിമൂന്നാം ദിനം. ഉത്തരകാശിയിലെ രക്ഷാപ്രവർത്തനം ഉച്ചയോടെ പുനരാരംഭിക്കും

59

ഉത്തരകാശി: മണ്ണിടിഞ്ഞ് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കും. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കിയതിനു ശേഷം ഉച്ചയോടെ രക്ഷാപ്രവർത്തനം പുനരാംഭിക്കാനാണ് നീക്കം. ഇന്നലെ തൊഴിലാളികളിലേക്കു രക്ഷാകുഴൽ എത്തുന്നതിന് ഏതാനും മീറ്ററുകൾ മുൻപ് രക്ഷാപ്രവർത്തനം മുടങ്ങിയിരുന്നു.

ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു നിർത്തിയിരുന്ന കോൺക്രീറ്റ് ഭാഗം, യന്ത്രം പ്രവർത്തിപ്പിക്കുമ്പോഴുള്ള പ്രകമ്പനത്തിൽ തകർന്നതാണ് രക്ഷാദൗത്യത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്. കാഠിന്യമേറിയ അവശിഷ്ടങ്ങൾ തുരക്കാൻ യന്ത്രം സർവശക്തിയുമെടുത്ത് പ്രവർത്തിക്കവേ അടിത്തറ പൂർണമായി തകരുകയായിരുന്നു. കോൺക്രീറ്റിനുള്ള സിമന്റ് മിശ്രിതം ഇന്ന് ഉച്ചയോടെ മാത്രമേ ഉറയ്ക്കൂ. അതിവേഗം ഉറയ്ക്കുന്ന സിമന്റ് ഉപയോഗിക്കുന്നതു പരിഗണിച്ചെങ്കിലും അതിന്റെ ബലം സംബന്ധിച്ച് അധികൃതർക്ക് സംശയങ്ങളുണ്ട്. തുടർന്ന് പരമ്പരാഗത രീതിയിൽ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. ഡ്രില്ലിങ് പുനരാരംഭിച്ചാൽ 5 – 6 മണിക്കൂറിനകം രക്ഷാകുഴൽ സജ്ജമാക്കാമെന്നാണു പ്രതീക്ഷ. 6-8 മീറ്റർ കൂടിയാണ് ഇനി രക്ഷാകുഴലിനു മുന്നോട്ടു പോകാനുള്ളത്.

തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് പതിമൂന്നാം ദിവസമാണ്. ഏതാനും മീറ്ററുകളുടെ അകലം മാത്രമേയുള്ളൂവെന്നും മനസ്സാന്നിധ്യം കൈവിടാതെ കാത്തിരിക്കണമെന്നും തൊഴിലാളികളെ രക്ഷാദൗത്യസംഘം അറിയിച്ചു. സ്ഥലത്തെത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ഇവരുമായി സംസാരിച്ചു. തൊഴിലാളികളെ ഓരോരുത്തരെയായി വലിയ പൈപ്പിലൂടെ ചക്രം ഘടിച്ചിച്ച സ്ട്രെച്ചറിൽ പുറത്തെത്തിക്കാനാണ് എൻഡിആർഎഫ് സംഘത്തിന്റെ ശ്രമം. ഇതിനായി ദുരന്ത പ്രതികരണ സേനാംഗത്തെ തുരങ്കത്തിനകത്തേക്ക് പ്രവേശിപ്പിക്കുമെന്നും കർവാൾ വ്യക്തമാക്കി. ബുധനാഴ്ച രാത്രിയും അവശിഷ്ടങ്ങൾക്കിടയിലെ 8 സ്റ്റീൽ പാളികളിൽ തട്ടി ഡ്രില്ലിങ് മുടങ്ങിയിരുന്നു. തുടർന്ന് 12 മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിൽ വ്യാഴാഴ്ച രാവിലെ 8 മണിയോടെ രക്ഷാസംഘം അവ അറുത്തുമാറ്റിയാണ് ഡ്രില്ലിങ് പുനരാരംഭിച്ചത്.

വൈകുന്നേരത്തോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനാണ് തിരിച്ചടിയുണ്ടായത്. രാജ്യം കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘം തുരങ്കത്തിനു പുറത്തുണ്ട്. കാര്യമായ പ്രശ്നങ്ങളില്ലാത്തവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റും. തുരങ്കത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ താൽക്കാലിക ഹെലിപാഡ് സജ്ജമാക്കിയിട്ടുണ്ട്. തുരങ്കത്തിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത വെല്ലുവിളിയാണെങ്കിലും ദുഷ്കര സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്തു പരിചയമുള്ള ആംബുലൻസ് ഡ്രൈവർമാ രെയും സ്ഥലത്ത് സജ്ജരാക്കി നിർത്തിയിട്ടുണ്ട്.

Previous articleതുടർച്ചയായ പെർമിറ്റ് ലംഘനം: റോബിൻ ബസ് പൊലീസ് ക്യാംപിൽ
Next articleജന സഹസ്രങ്ങൾ സാക്ഷി. വൃശ്ചികാഷ്ടമി മഹോത്സവത്തിന് കൊടിയുയർന്നു