Home News Kerala News തൊഴിലുറപ്പ്‌ പദ്ധതിയിൽ കേരളം ഏറെ മുന്നിലെന്ന് മുഖ്യമന്ത്രി: പദ്ധതി അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമമെന്നും മുഖ്യമന്ത്രി

തൊഴിലുറപ്പ്‌ പദ്ധതിയിൽ കേരളം ഏറെ മുന്നിലെന്ന് മുഖ്യമന്ത്രി: പദ്ധതി അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമമെന്നും മുഖ്യമന്ത്രി

37

കോഴിക്കോട്: തൊഴിലുറപ്പുപദ്ധതി സുതാര്യവും കാര്യക്ഷമവുമായി നടത്തുന്നതിൽ കേരളം രാജ്യത്തിന്‌ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത്‌ ഡ്രോൺ പറത്തി നിരീക്ഷിച്ചാലും അതിനും മേലെയാണ് തൊഴിലുറപ്പ്‌ പദ്ധതിയിൽ കേരളത്തിന്റെ പ്രകടനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവകേരള സദസ്സിന്റെ ഭാഗമായി നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സോഷ്യൽ ഓഡിറ്റിങ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. നടപ്പുവർഷത്തെ ആദ്യ ആറുമാസത്തെ സോഷ്യൽ ഓഡിറ്റ് കണക്ക്‌ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം കേരളം 99.5 ശതമാനം പഞ്ചായത്തുകളുടെയും സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കി. രണ്ടാം സ്ഥാനത്തുള്ള ബിഹാറിൽ 64.4 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ജമ്മു കശ്മീരിന്‌ 64.1 ശതമാനവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞൂ.

എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ്‌ കേരളത്തിലെ പബ്ലിക് ഹിയറിങ് യോഗങ്ങൾ. നടപ്പുവർഷം ആദ്യ പാദത്തിലെ സോഷ്യൽ ഓഡിറ്റ് ഗ്രാമസഭകളിൽ 8.52 ലക്ഷം പേരാണ് പങ്കെടുത്തത്. വാർഡ് തല ഗ്രാമസഭകളും പഞ്ചായത്ത് തലത്തിൽ ജനകീയസഭകളും ചേരുന്ന ഏക സംസ്ഥാനമാണ്‌ കേരളം. തൊഴിലുറപ്പിൽ ഡ്രോൺ പറത്തിയില്ല, കേരളത്തെ പറപ്പിച്ച് കേന്ദ്രം എന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു പത്രത്തിലെ വാർത്ത. എന്നാൽ ഡൽഹിയിൽ നടന്ന അർധവാർഷിക അവലോകത്തിലും ലേബർ ബജറ്റ് പുതുക്കുന്നതിനുള്ള യോഗത്തിലും കേരളത്തിന്റെ നേട്ടം അഭിനന്ദിക്കപ്പെട്ടു.

ഇടതുപക്ഷം മുന്നോട്ടുവച്ച പൊതുമിനിമം പരിപാടിയുടെ ഭാഗമായി 2005ൽ ഒന്നാം യുപിഎ സർക്കാർ ആരംഭിച്ച തൊഴിലുറപ്പ്‌ പദ്ധതിയെ അട്ടിമറിക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്. ഓരോ വർഷവും തൊഴിൽ ദിനം കുറയ്‌ക്കുന്നു. 2020-ൽ കേരളത്തിന്‌ 10 കോടി തൊഴിൽ ദിനങ്ങളായിരുന്നു. ഈ വർഷം ആറുകോടിയാക്കിയപ്പോൾ അവ വേഗം തീർത്ത് കൂടുതൽ തൊഴിൽ ദിനം അനുവദിക്കാൻ സമ്മർദം ചെലുത്തിയപ്പോൾ തുക എട്ടുകോടിയാക്കി. സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതക്കുള്ള ഉദാഹരണമാണിത്‌. പദ്ധതിയുടെ കേന്ദ്ര ബജറ്റ് വിഹിതം 2021 ൽ 1,12,000 കോടിയായിരുന്നു. ഈ വർഷം 60,000 കോടി രൂപയായി കുറച്ചു. തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ഇന്ത്യയിൽ ആദ്യമായി ക്ഷേമനിധിക്ക്‌ തുടക്കം കുറിച്ചത് കേരളമാണ്‌. കേന്ദ്രം തകർക്കാൻ ശ്രമിക്കുന്ന പദ്ധതി സംരക്ഷിച്ച് പരമാവധിയാളുകൾക്ക് തൊഴിലും സുരക്ഷയും ഉറപ്പാക്കുകയാണ് കേരളമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Previous articleശമ്പളം ചോദിച്ച ദലിത് യുവാവിനെ മർദ്ദിച്ച് വായിൽ ചെരിപ്പ് തിരുകി: സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്
Next articleകുസാറ്റ് ദുരന്തം: മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു; 4 പെണ്‍കുട്ടികളുടെ നില ഗുരുതരം