Home News National news സിൽക്യാര തുരങ്ക അപകടം: രക്ഷാപ്രവർത്തനത്തിനായി കരസേന രംഗത്ത്‌

സിൽക്യാര തുരങ്ക അപകടം: രക്ഷാപ്രവർത്തനത്തിനായി കരസേന രംഗത്ത്‌

48

സിൽക്യാര: രണ്ടാഴ്‌ച മുൻപ് മണ്ണിടിഞ്ഞ് സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുവാനുള്ള രക്ഷാദൗത്യം എന്ന്‌ പൂർത്തിയാക്കാനാകുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. തിരശ്ചീനമായി കുഴിച്ച്‌ രക്ഷാവഴി ഒരുക്കാനുള്ള ശ്രമങ്ങൾ ആഗർ യന്ത്രം തകർന്ന്‌ രണ്ട്‌ ദിവസമായി നിലച്ചതോടെ കരസേനയുടെ സേവനം തേടി. മദ്രാസ്‌ റെജിമെന്റ്‌ അംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. അതിനിടെ, തുരങ്കത്തിന്‌ മുകളിൽനിന്ന്‌ ലംബമായി കുഴിക്കൽ തുടങ്ങി. അപകട സാധ്യതയുള്ളതിനാൽ സാവധാനത്തിലാണിത്‌. കാര്യമായ തടസമുണ്ടായില്ലെങ്കിൽ നാല്‌ ദിവസംകൊണ്ട്‌ തുരങ്കത്തിലേക്ക്‌ എത്താനാകുമെന്ന്‌ ദേശീയപാത സൗകര്യവികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ മഹമൂദ് അഹമ്മദ് പറഞ്ഞു.

തിരശ്ചീനമായി രക്ഷാമാർഗം ഒരുക്കുന്നതിനുള്ള തടസ്സം നീങ്ങിയാൽ തൊഴിലാളികളിലേക്കുള്ള ദൂരം അഞ്ചു മീറ്റർ മാത്രമാവുമെങ്കിലും ഏറ്റവും അപകടം പിടിച്ചതും പ്രവചനാതീതവുമായ ഘട്ടമാകുമിത്‌. തിങ്കളാഴ്‌ച ഉത്തരാഖണ്ഡിൽ വ്യാപകമായ മഞ്ഞുവീഴ്‌ചയും മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പ്‌ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കാനിടയുണ്ട്‌. തകർന്ന ആഗർ യന്ത്രത്തിന്റെ ഭാഗങ്ങൾ ഗ്യാസ്‌ കട്ടർ, മാഗ്‌ന കട്ടർ, പ്ലാസ്‌മ കട്ടർ തുടങ്ങിയവ എത്തിച്ച്‌ മുറിച്ച്‌ നീക്കുന്നത്‌ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്‌. ഇനിയും പത്തുമീറ്റർ യന്ത്രഭാഗമാണ്‌ കുഴലിലുള്ളത്‌. ഇത്‌ മാറ്റുന്ന മുറയ്‌ക്ക്‌ സൈന്യം തുരങ്കത്തിൽ കുഴിച്ച്‌ തുടങ്ങും.

അതേസമയം, അഞ്ചുമീറ്ററിൽ ലഘുമർദം മാത്രമേ കൊടുക്കാനാകൂവെന്നതാണ്‌ സങ്കീർണത. മർദം കൂടിയാൽ തുരങ്കഭാഗങ്ങൾ ഇടിയാനിടയുണ്ട്‌. അന്താരാഷ്‌ട്ര തുരങ്ക വിദഗ്‌ധൻ അർണോൾഡ്‌ ഡിക്‌സ്‌ പാറയുടെ പ്രവചനാതീത സ്വഭാവത്തിൽ ആശങ്ക രേഖപ്പെടുത്തി. അതിനിടെ, ലംബമായി തുരക്കുന്നതിന്‌ മികച്ച സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും താഴേയ്‌ക്ക്‌ പോകുന്തോറും പാറയുടെ സ്വഭാവം മാറുമെന്നതിനാൽ കുറഞ്ഞത്‌ 100 മണിക്കൂർ സമയമാണ്‌ വേണ്ടിവരിക.
അതേസമയം ഋഷികേശിൽനിന്ന്‌ കുത്തനെ കുഴിക്കാൻ എത്തിക്കുന്ന എയർ ഹാമർ ഡ്രില്ലിങ്‌ റിഗ്‌ തുരങ്കത്തിന്‌ പതിനാല്‌ കിലോമീറ്റർ അകലെ ദാസുരയിൽ കുടുങ്ങി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഡ്രോൺ സേവനവും ആരംഭിച്ചിട്ടുണ്ട്.

Previous articleകോട്ടയത്ത് യുവതി കെ എസ് ആർ ടി സി ബസ് അടിച്ചു തകർത്തു. കേസെടുത്തപ്പോൾ കെഎസ്ആർടിസി ഡ്രൈവർ പ്രതി
Next articleയു ഡി എഫ് നേതൃത്വത്തെ വെട്ടിലാക്കി കോൺഗ്രസ്‌ – ലീഗ്‌ നേതാക്കൾ. ആശംസയുമായി നേതാക്കൾ നവകേരള സദസ്സ് വേദിയിലെത്തി