Home News Kerala News കൊട്ടാരക്കരയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: സംസ്ഥാനം അരിച്ചുപെറുക്കി പോലിസ്

കൊട്ടാരക്കരയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: സംസ്ഥാനം അരിച്ചുപെറുക്കി പോലിസ്

49

തിരുവനന്തപുരം: പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ തിരുവനന്തപുരം തിരുവല്ലത്ത് നിന്നും പിടികൂടിയ മൂന്നു പേർക്ക് കേസുമായി ബന്ധമില്ലെന്നു കണ്ടെത്തി. തിരുവല്ലത്തെ കാർ വാഷിംങ് സെന്ററിലാണ് പൊലീസ് സംഘം അന്വേഷണം നടത്തിയത്. ഇവിടെ എത്തിയ പൊലീസ് കാർ വാഷിംങ് സെന്റർ ഉടമയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ, ഇവർക്ക് ഈ തട്ടിക്കൊണ്ടു പോകലുമായി ബന്ധമില്ലെന്നും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്.

അതെ സമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട പോലീസ് സംസ്ഥാന വ്യാപകമായി അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. പൊലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവിൽ അധികൃതർ പുറത്തുവിട്ടിട്ടുള്ളത്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇവരുടെ കടയിൽ നിന്നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ആദ്യം കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. ഒരു സ്ത്രീക്കൊപ്പമാണ് ഇയാൾ എത്തിയത്. കാക്കിപാന്റും ഷർട്ടും ധരിച്ച ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്നയാളാണ് കടയിലെത്തിയത്. ഇയാൾക്കൊപ്പമുള്ള സ്ത്രീയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്.

പൊലീസ്‌ ആസ്ഥാനത്ത്‌ പ്രത്യേക കൺട്രോൾ റൂം തുറന്നു. തട്ടിക്കൊണ്ടുപോകലിനായി കൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസ്‌ നിഗമനം. ആദ്യം അഞ്ചുലക്ഷം രൂപയും പിന്നെ പത്തുലക്ഷവും മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം എത്തിയതിലും ദുരൂഹതയുണ്ടെന്നാണ്‌ പൊലീസ്‌ നിഗമനം. ഡിവൈഎസ്‌പി വിജയകുമാറിന്റെ നേതൃത്വത്തിൽ രക്ഷാകർത്താക്കളിൽനിന്നും ബന്ധുക്കളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. കാറിൽ രണ്ടുകുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതും സംശയത്തിന്‌ ഇടയാക്കുന്നതായി പൊലീസ്‌ പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പഴുതടച്ച വാഹന പരിശോധനയാണ് പൊലീസ് നടത്തുന്നത്. കൊല്ലം ജില്ലയുടെ ഉൾഗ്രാമങ്ങളിൽ ഉൾപ്പെടെ റോഡുകളിലും മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വനമേഖലകളിലും പൊലീസ്‌ വലവിരിച്ചു. പ്രധാന റോഡുകളിൽ ഉൾപ്പെടെ കാർ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ വഴികളിലും പരിശോധന ശക്തമാണ്‌.

എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വ്യാപക അന്വേഷണത്തിന് നിർദേശം നൽകി. തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലും പ്രദേശത്ത്‌ തെരച്ചിൽ നടക്കുന്നു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ പ്രത്യേക കൺട്രോൾ റൂം നമ്പരായ 112ലോ 9946923282, 9495578999 എന്നിവയിലോ അറിയിക്കണമെന്നാണ്‌ പൊലീസ്‌ നിർദ്ദേശം.

Previous articleയു ഡി എഫ് നേതൃത്വത്തെ വെട്ടിലാക്കി കോൺഗ്രസ്‌ – ലീഗ്‌ നേതാക്കൾ. ആശംസയുമായി നേതാക്കൾ നവകേരള സദസ്സ് വേദിയിലെത്തി
Next articleവായുനില മെച്ചപ്പെട്ടു: ഡല്‍ഹിയില്‍ പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ക്കുണ്ടായിരുന്ന നിയന്ത്രണം നീക്കി