Home News Kerala News കേന്ദ്രത്തിനെതിരെ വീണ്ടും കേരളം: സംസ്ഥാനത്തിന്റെ നികുതി വിഹിതത്തിൽ ഈ മാസം 332 കോടി വെട്ടിക്കുറച്ചുവെന്ന് ധനമന്ത്രി

കേന്ദ്രത്തിനെതിരെ വീണ്ടും കേരളം: സംസ്ഥാനത്തിന്റെ നികുതി വിഹിതത്തിൽ ഈ മാസം 332 കോടി വെട്ടിക്കുറച്ചുവെന്ന് ധനമന്ത്രി

45

പാലക്കാട്: കേരളത്തിനുളള നികുതി വിഹിതം കേന്ദ്രം വലിയ തോതിൽ വെട്ടിക്കുറയ്ക്കുന്നുവെന്നും ഇത് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാർ തുല്യമായ പരിഗണനയല്ല സംസ്ഥാനത്തിന് തരുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. പാലക്കാട് നവകേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അന്തർ സംസ്ഥാന ചരക്ക്‌, സേവന ഇടപാടുകൾക്കുള്ള നികുതി (ഐജിഎസ്ടി) സെറ്റിൽമെന്റിന്റെ നവംബറിലെ വിഹിതത്തിലാണു 332 കോടി രൂപ വെട്ടിക്കുറച്ചത്. നവംബറിൽ 1450 കോടിയാണ് ഈ ഇനത്തിൽ ലഭിക്കേണ്ടത്. അതിൽ നിന്നാണ് വെട്ടിക്കുറയ്ക്കുന്നത്. ഐജിഎസ്ടി ബാലൻസിലെ കുറവ് നികത്തുന്നതിനായി മുൻകൂർ വിഹിതം ക്രമീകരിക്കുന്നതിന് നവംബറിലെ സെറ്റിൽമെന്റിൽ 332 കോടി രൂപയുടെ കുറവു വരുത്തുന്നതായാണ് കേന്ദ്രത്തിൽനിന്ന് ഇതു സംബന്ധിച്ച്‌ ലഭിച്ച അറിയിപ്പിലുള്ളത്. നികുതി വെട്ടിക്കുറയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് ഈ രീതിയിലുള്ള കുറവു വരുത്തിയതെന്നോ ഏതു കണക്കുകളുടെ അടിസ്ഥാനത്തിലാണു കുറവു വരുത്തിയിട്ടുള്ളതെന്നോ വ്യക്തമല്ല. അഡ്‌ഹോക് സെറ്റിൽമെന്റിന്റെ ഭാഗമായുള്ള നടപടിയാണെങ്കിൽ അതിന് അടിസ്ഥാനമാക്കിയ കണക്കുകൾ സംസ്ഥാനത്തിനും കൈമാറണം. മുൻകാലങ്ങളിൽ ഇതേ രീതിയിൽ നടത്തിയിട്ടുള്ള സെറ്റിൽമെന്റുകളിൽ സംസ്ഥാനങ്ങളിൽ നിന്നു തിരിച്ചുപിടിക്കുന്ന തുകയുടെ അനുപാതം സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കണമെന്നു ധനമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ഐജിഎസ്ടി സെറ്റിൽമെന്റുകളുടെ കണക്കുകൂട്ടൽ രീതികൾ സംബന്ധിച്ച് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചർച്ച നടത്തണം. സംസ്ഥാന വിഹിതത്തിൽനിന്നു വരുത്തുന്ന കിഴിവ് സംബന്ധിച്ച് വ്യക്തമായ ആസൂത്രണം നടത്താൻ ഇത് ഉപകരിക്കും. നിലവിലുള്ള ഐജിഎസ്ടി സംവിധാനത്തെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തലും നികുതി ചോർച്ച തടഞ്ഞു ജിഎസ്ടി സംവിധാനം ശക്തിപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.

കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതും കേന്ദ്രത്തിൽനിന്നു സംസ്ഥാനത്തിനു ലഭിക്കേണ്ട കുടിശിക അനുവദിക്കുന്നതും സംബന്ധിച്ച പ്രശ്‌നങ്ങൾ നേരത്തേ ഉന്നയിച്ചിട്ടുള്ളതാണ്. എന്നാൽ, ഇതിൽ തീരുമാനമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ഐജിഎസ്ടി സെറ്റിൽമെന്റിൽ ഇപ്പോൾ വരുത്തിയിട്ടുള്ള കുറവ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ വഷളാക്കുന്നതാണെന്നും ധനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

Previous articleകേരള അന്താരാഷ്ട്ര ചലച്ചിത്രമേള: ഇത്തവണ എട്ട് വനിതാ ചിത്രങ്ങൾ
Next articleകളമശേരി സ്‌ഫോടനം: ഒരാൾകൂടി മരിച്ചു ഇതുവരെ മരിച്ചത് ഏഴുപേർ