Home News Kerala News വിദേശ ജോലി വാഗ്ദാനം ചെയ്തു 2 കോടിയോളം രൂപ തട്ടിയെടുത്തു: ദമ്പതികൾ പിടിയിൽ

വിദേശ ജോലി വാഗ്ദാനം ചെയ്തു 2 കോടിയോളം രൂപ തട്ടിയെടുത്തു: ദമ്പതികൾ പിടിയിൽ

78

കൊച്ചി: എറണാകുളം കലൂർ അശോക റോഡിൽ ടാലന്റിവിസ് എച്ച്ആർ കൺസൽറ്റൻസി എന്ന പേരിൽ റിക്രൂട്മെന്റ് സ്ഥാപനം നടത്തിവന്ന കൊല്ലം ഈസ്റ്റ് കല്ലട മണിവീണയിൽ ചിഞ്ചു എസ്.രാജ് (45), കൊടുങ്ങല്ലൂർ ശൃംഗപുരം വാക്കേക്കാട്ടിൽ അനീഷ് (45) എന്നിവരെയാണ് തട്ടിപ്പ് കേസിൽ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. യുകെ, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള ജോബ് വീസകൾ കയ്യിലുണ്ടെന്നു കാട്ടി ഡിജിറ്റൽ മാർക്കറ്റിങ് സൈറ്റ് വഴി പരസ്യം ചെയ്താണു പ്രതികൾ ഇരകളെ കണ്ടെത്തിയത്. ഉദ്യോഗാർഥികളിൽ നിന്ന് പ്രതികൾ ഒരുകോടി തൊണ്ണൂറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. പ്രതികളുടെ ഉറപ്പിൻമേൽ ഉദ്യോഗാർഥികളിൽ നിന്നു പണം വാങ്ങി നൽകിയ ഏജന്റ് ബിനിൽകുമാറിന്റെ പരാതിയിലാണു കേസ് റജിസ്റ്റർ ചെയ്തത്. കിട്ടിയ പണവുമായി രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെയാണു പ്രതികൾ പിടിയിലായത്. പിടിയിലാകുമ്പോൾ പ്രതികളുടെ വീട്ടിലെ സാധനങ്ങളെല്ലാം യാത്രയ്ക്കായി തയാറാക്കി വച്ചിരിക്കുകയായിരുന്നു. ഒട്ടേറെ ഉദ്യോഗാർഥികളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകളും വിവിധ വ്യാജ സീലുകളും ഇവരിൽ നിന്നു പിടിച്ചെടുത്തു.

‌മുൻപു ഡൽഹിയിൽ റിക്രൂട്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയത്തിലാണു ചിഞ്ചു തട്ടിപ്പിനു നേതൃത്വം നൽകിയതെന്നു പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ, എസ്ഐമാരായ ടി.എസ്.രതീഷ്, എൻ.ഐ.റഫീഖ്, സീനിയർ സിപിഒ വാസവൻ, സിപിഒമാരായ വിനീത്, ലിബിൻരാജ്, ജിത്തു, ജയ, സുനിത എന്നിവരാണു പ്രതികളെ പിടികൂടിയത്.

Previous articleമനുഷ്യക്കടത്തെന്ന് സംശയം: 300ലധികം ഇന്ത്യൻ യാത്രക്കാരുമായെത്തിയ വിമാനം ഫ്രാൻസിൽ തടഞ്ഞു​
Next articleവീണ്ടും അശാന്തമാകുന്നോ കശ്‌മീർ? ഇന്നുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു