Home News Kerala News ഗണേഷ് കുമാറും, കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഈമാസം ഇരുപത്തിയൊൻപതിന്

ഗണേഷ് കുമാറും, കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഈമാസം ഇരുപത്തിയൊൻപതിന്

97

തിരുവനന്തപുരം: ഇടതുമുന്നണി ധാരണ പ്രകാരം ഘടകകക്ഷി എംഎൽഎമാരായ കെ ബി ഗണേഷ് കുമാറും, രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക് എത്തും. ഇരുവരുടെയും സത്യപ്രതിജ്ഞ ഈ മാസം 29ന് ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യത്തെ രണ്ടര വർഷം ഐ എൻ എല്ലിനും ജനാധിപത്യ കേരള കോൺഗ്രസിനും തുടർന്നുള്ള രണ്ടര വർഷക്കാലം കേരള കോൺഗ്രസ് ബിയ്ക്കും, കോൺഗ്രസ് എസിനും മന്ത്രിസ്ഥാനം എന്നതായിരുന്നു ഇടതുമുന്നണിധാരണ. ഇതിൻറെ അടിസ്ഥാനത്തിൽ ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിനു മുന്നോടിയായി ജനാധിപത്യ കേരള കോൺഗ്രസിന്റെ മന്ത്രിയായ ആൻറണി രാജുവും, ഐഎൻഎല്ലിലെ അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനങ്ങൾ രാജിവെച്ചിരുന്നു. തുടർന്നാണ് ഗണേഷ് കുമാറിനെയും രാമചന്ദ്രൻ കടന്നപ്പള്ളിയെയും മന്ത്രി സഭയിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശം മുഖ്യമന്ത്രിക്ക് നൽകാൻ ഇടതുമുന്നണി യോഗം തീരുമാനിച്ചത്. ഇരുവരുടെയും സത്യപ്രതിജ്ഞയ്ക്കുശേഷം വകുപ്പുകളുടെ കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് ഇ പി ജയരാജൻ പറഞ്ഞു.

യുഡിഎഫ് മന്ത്രിസഭയിൽ കെബി ഗണേഷ് കുമാർ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പായിരുന്നു നിലവിൽ ആൻറണി രാജു കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ കെ ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒന്നാം പിണറായി സർക്കാരിൽ തുറമുഖ പുരാവസ്തു വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നത് രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു. നിലവിൽ ഒഴിവുള്ള മറ്റൊരു മന്ത്രിസ്ഥാനം തുറമുഖ വകുപ്പിലാണ് എന്നതിനാൽ മന്ത്രിസഭയിൽ മറ്റഴിച്ചു പണികൾ ഉണ്ടായില്ലെങ്കിൽ ഈ വകുപ്പ് രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തന്നെ ലഭിക്കാനാണ് സാധ്യത ഏറെ.

Previous articleകളമശേരി സ്‌ഫോടനം: ഒരാൾകൂടി മരിച്ചു ഇതുവരെ മരിച്ചത് ഏഴുപേർ
Next articleഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ സസ്പെൻഡ് ചെയ്തു. നടപടി കേന്ദ്ര കായിക മന്ത്രാലയത്തിന്റേത്