Home News Kerala News ക്രിസ്തുമസ് അവധി യാത്രയിലൂടെ ആഘോഷിക്കണോ: കെഎസ്‌ആർടിസി റെഡി

ക്രിസ്തുമസ് അവധി യാത്രയിലൂടെ ആഘോഷിക്കണോ: കെഎസ്‌ആർടിസി റെഡി

63

ആലപ്പുഴ: ക്രിസ്തുമസ് അവധിക്കാലത്ത് കൂടുതൽ ബജറ്റ്‌ ടൂറിസം ട്രിപ്പുകൾ ഒരുക്കിയാണ് കെഎസ്‌ആർടിസി മലയാളികളുടെ ആഘോഷങ്ങളോടൊപ്പം പങ്ക് ചേരുന്നത്. ആലപ്പുഴ ജില്ലയിലെ ഏഴ്‌ ഡിപ്പോകളിൽ നിന്ന് ഗവി അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്കും ആരാധനാ കേന്ദ്രങ്ങളിലേക്കും ഈ അവധിക്കാലത്ത് കെഎസ്‌ആർടിസി പ്രത്യേക സർവീസ്‌ നടത്തുന്നുണ്ട്. വിവിധ ഡിപ്പോകളിൽനിന്നുള്ള വിനോദസഞ്ചാര സർവീസുകൾക്ക്‌ ഉച്ചഭക്ഷണവും ബോട്ടിങ്‌ എൻട്രി ഫീസും ബസ്ചാർജും ഉൾപ്പെടെ 2000ൽ താഴെ മാത്രമാണ്‌ ചിലവ് വരിക എന്നതാണ് ഈ ട്രിപ്പുകളുടെ മുഖ്യ ആകർഷണം. 28ന്‌ മാവേലിക്കരയിൽനിന്നുള്ള ഗവി- പരുന്തുംപാറ യാത്രയ്‌ക്ക്‌ 1500 രൂപയാണ്‌ ചാർജ്‌. 29ന്‌ എടത്വയിൽനിന്നുള്ള യാത്രയ്‌ക്ക്‌ 1550 ഉം 29ന്‌ ചേർത്തലയിൽനിന്നുള്ള ഗവിയാത്രയ്‌ക്ക്‌ 1850 രൂപയുമാണ്‌ ചാർജ്‌.
വിനോദ യാത്രയ്ക്ക് പുറമെ വിവിധ ദേവാലയങ്ങളിലേക്കുള്ള തീർത്ഥാടന യാത്രകളും ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ഒരുക്കിയിട്ടുണ്ട്. വർഷം 12 ദിവസം മാത്രം ശ്രീപാർവതിദേവിയുടെ നടതുറക്കുന്ന ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ഈ വർഷത്തെ നടതുറപ്പ് ഉത്സവത്തിന്റെ ഭാഗമായി ജില്ലയിൽനിന്ന്‌ കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ 24 സർവീസ്‌ നടത്തും. ആലപ്പുഴ ഡിപ്പോയിൽ നിന്ന്‌ മൂന്ന്‌, മാവേലിക്കര- അഞ്ച്‌, ഹരിപ്പാട്‌ – അഞ്ച്‌, എടത്വ- രണ്ട്‌, ചെങ്ങന്നൂർ- മൂന്ന്‌, ചേർത്തല- ഒന്ന്‌, കായംകുളം- അഞ്ച്‌ എന്നിങ്ങനെയാണ്‌ തിരുവൈരാണിക്കുളത്തേക്കുള്ള സർവീസുകൾ.

കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ ആലപ്പുഴ നവംബറിൽ നടത്തിയ യാത്രകളിൽ നിന്ന്‌ 7,44,901 രൂപയാണ് കളക്ഷനായി ലഭിച്ചത്. സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര- തീർഥാടന കേന്ദ്രങ്ങളിലേക്ക്‌ നടത്തിയ 32 യാത്രകളിൽ നിന്നാണ്‌ ഇത്രയും തുക കളക്ഷൻ ലഭിച്ചത്. 1441 യാത്രക്കാർ നവംബറിൽ ബജറ്റ്‌ ടൂറിസത്തിന്റെ ഭാഗമായി. 16 സർവീസും 785 യാത്രക്കാരും 2,02,250 രൂപ കളക്ഷനുമായി ചെങ്ങന്നൂർ ഡിപ്പോയാണ്‌ മുന്നിൽ. നാല്‌ സർവീസും, 163 യാത്രക്കാരും 185580 രൂപ കളക്ഷനുമായി ആലപ്പുഴ തൊട്ടുപിന്നിലുണ്ട്. നാല് ട്രിപ്പുകളിലായി 145 യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിച്ച് 149800 രൂപ കളക്ഷൻ നേടിയ മാവേലിക്കര ഡിപ്പോയാണ് മൂന്നാം സ്ഥാനത്ത്.

Previous articleക്രിസ്മസ് ദിനത്തിലും ഗാസയിൽ ഇസ്രയേൽ ആക്രമണം: 70 പേർ കൊല്ലപ്പെട്ടു
Next articleവീണ്ടും സർവീസ് ആരംഭിച്ച് റോബിൻ: രണ്ടു കിലോമീറ്റർ പിന്നിട്ടപ്പോൾ തടഞ്ഞ് എംവിഡി