Home News Kerala News ശബരിമലയിൽ ഇത്തവണ റെക്കോർഡ് തിരക്ക്: ശനിയാഴ്ചവരെ എത്തിയത് 25.69 ലക്ഷം തീർഥാടകർ

ശബരിമലയിൽ ഇത്തവണ റെക്കോർഡ് തിരക്ക്: ശനിയാഴ്ചവരെ എത്തിയത് 25.69 ലക്ഷം തീർഥാടകർ

41

പത്തനംതിട്ട: ഇത്തവണത്തെ മണ്ഡലകാലം ആരംഭിച്ചത് മുതൽ ശനിയാഴ്‌ച വരെ ശബരിമലയിൽ 25,69,671 തീർഥാടകർ എത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രസിഡന്റ് പി എസ് പ്രശാന്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സന്നിധാനത്ത് ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ദർശന സമയം മുൻ‌കൂറായി ബുക്കുചെയ്യാതെ എത്തുന്ന തീർത്ഥാടകർക്കായി പമ്പയിൽ ഒരുക്കിയിരിക്കുന്ന സ്‌പോട്ട് ബുക്കിങ് കൗണ്ടറിൽ ദിവസവും 10,000 പേർക്കാണ് നിലവിൽ ബുക്കിങ് സൗകര്യം ഉള്ളത്. പ്രതി ദിനം 15,000 വരെ ബുക്കിങ് ആക്കണമെങ്കിൽ ദേവസ്വം ബോർഡിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്പോൾ ജനുവരി മുതൽ സ്‌പോട്ട് ബുക്കിങ്ങിനുള്ള പരിധി 15,000 ആക്കണമോ എന്ന് സർക്കാരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. വെർച്വൽ ക്യൂ ബുക്കിങ് ചൊവ്വാഴ്‌ച 64,000വും മണ്ഡലപൂജാ ദിവസമായ ബുധനാഴ്‌ച 70,000 ആയി ക്രമപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ വീണ്ടും എൺപതിനായിരമാക്കി ഉയർത്തും. ശനിയാഴ്‌ച 97,000ൽ അധികം പേർ ശബരിമല ദർശനത്തിനെത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്‌.

അതേസമയം തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്ക് വച്ച തങ്കയങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര നാളെ പമ്പയിൽ എത്തും. ആറന്മുള പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ രഥത്തിലാണ് തങ്ക അങ്കി പമ്പയിലേയ്ക്ക് പുറപ്പെട്ടത്. 23 ന് രാവിലെഏഴിന് ആറന്മുളയിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര അന്ന് വൈകിട്ട് പത്തനംതിട്ട ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ വിശ്രമിച്ചു. ഞായറാഴ്ച രാവിലെ ഓമല്ലൂർ ക്ഷേത്രത്തിൽനിന്നും പ്രയാണം ആരംഭിച്ച രഥഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ സമാപിച്ചു. ഇന്ന് രാവിലെ 7. 30ന് മുരിങ്ങമംഗലം ക്ഷേത്രത്തിൽനിന്ന് തുടങ്ങി ചിറ്റാർ, അട്ടച്ചാക്കൽ, വെട്ടൂർ വഴി രാത്രി 8.30ന് പെരുനാട് ശാസ്താക്ഷേത്രത്തിൽ വിശ്രമിക്കും. നാളെ രാവിലെ എട്ടിന്‌ പെരുനാട് ശാസ്താക്ഷേത്രത്തിൽനിന്നും ആരംഭിക്കുന്ന ഘോഷയാത്ര പകൽ 1.30ന് പമ്പയിൽ എത്തും. പമ്പാ ഗണപതി കോവിലിന് സമീപം വരെ രഥം എത്തിച്ചേരും. ഇവിടെ നിന്ന് പ്രത്യേക പേടകത്തിലാക്കിയശേഷം ശരണപാതയായ നീലിമല, ശരംകുത്തി വഴിയാണ് തങ്ക അങ്കി സന്നിധാനത്ത് എത്തിക്കുക. പമ്പയിൽനിന്നും പകൽ മൂന്നിന് പുറപ്പെട്ട് അഞ്ചോടെ ശരംകുത്തിയിലും അവിടെനിന്ന് ആചാരപരമായി വരവേറ്റ് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തും എത്തും. വൈകിട്ട് ആറിന് തങ്കയങ്കി ചാർത്തി ദീപാരാധനയും 27ന് മണ്ഡല പൂജയും നടക്കും.

Previous articleതിരുപ്പിറവിയുടെ സ്മരണ പുതുക്കി വിശ്വാസികൾ: ലോകം ഇന്ന് ക്രിസ്തുമസ് ആഘോഷ നിറവിൽ
Next articleകേരളതീരത്ത്‌ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്: ജാ​ഗ്രത നിർദേശം