Home News Kerala News വീണ്ടും സർവീസ് ആരംഭിച്ച് റോബിൻ: രണ്ടു കിലോമീറ്റർ പിന്നിട്ടപ്പോൾ തടഞ്ഞ് എംവിഡി

വീണ്ടും സർവീസ് ആരംഭിച്ച് റോബിൻ: രണ്ടു കിലോമീറ്റർ പിന്നിട്ടപ്പോൾ തടഞ്ഞ് എംവിഡി

95

പത്തനംതിട്ട: പെർമിറ്റ് ലംഘനത്തെ തുടർന്ന് മോട്ടർ വാഹനവകുപ്പ് പിടിച്ചെടുത്ത് വിട്ടയച്ച റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. പത്തനംതിട്ട– കോയമ്പത്തൂർ റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നിട്ട് മൈലപ്രയിൽ എത്തിയപ്പോൾ മോട്ടർ വാഹന വകുപ്പ് വീണ്ടും പരിശോധനയ്ക്കായി തടഞ്ഞു. പരിശോധന പൂർത്തിയാക്കിയ ശേഷം യാത്ര തുടരാൻ അനുവദിച്ചു. ഒരു മാസത്തിനു ശേഷമാണ് റോബിൻ ബസ് നിരത്തിലിറങ്ങുന്നത്.

നിയമലംഘനം ഉണ്ടായാൽ ബസ് വീണ്ടും പിടിച്ചെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമാണെന്നാണ് എംവിഡിയുടെ നിലപാട്. ഇതിനെതിരെ ബസ് ഉടമ ബേബി ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിൽ അടുത്ത മാസം അന്തിമ വിധിയുണ്ടാകും. പെർമിറ്റ് ലംഘനത്തെ തുടർന്ന് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ്, കഴിഞ്ഞ ദിവസമാണ് വിട്ടുനൽകിയത്. നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിനു പിന്നാലെയായിരുന്നു നടപടി. പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.

Previous articleക്രിസ്തുമസ് അവധി യാത്രയിലൂടെ ആഘോഷിക്കണോ: കെഎസ്‌ആർടിസി റെഡി
Next articleഅറബിക്കടലില്‍ കപ്പലുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം: യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് നാവികസേന