Home News Kerala News നവകേരള സദസ്സ്: സംഘർഷത്തിലൂടെ തകർക്കാനാണ് കോൺഗ്രസ്സ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി

നവകേരള സദസ്സ്: സംഘർഷത്തിലൂടെ തകർക്കാനാണ് കോൺഗ്രസ്സ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി

76

കണ്ണൂർ: ജനങ്ങൾ സംയമനം പാലിച്ചതുകൊണ്ടാണ് നവകേരള സദസ്സിൽ സംഘർഷമുണ്ടാക്കാനുള്ള കോൺഗ്രസ് ശ്രമം പരാജയപ്പെട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആണിയടിച്ച പട്ടികയും മുളകുപൊടിയും നൽകിയാണ് അക്രമികളെ കോൺഗ്രസ് അയച്ചത്. അടിക്കും, തല്ലും എന്ന് പരസ്യമായി ആഹ്വാനംചെയ്ത കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവാണ് ഇപ്പോഴത്തേത്. കമ്യൂണിസ്റ്റ് പാർടിയുടെ കണ്ണൂർ പാറപ്രത്തെ ആദ്യ സമ്മേളനത്തിന്റെ 84-–ാം വാർഷിക സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മതേതരമനസ്സുള്ള കേരളത്തിൽ സ്വീകാര്യത ലഭിക്കാത്തതാണ് ബിജെപിയുടെ കേരളവിരുദ്ധ മനോഭാവത്തിന് കാരണം. ഇതിനൊപ്പമാണ് കോൺഗ്രസും. കേരളത്തിലെ അന്തരീക്ഷം കലുഷമാക്കാനാണ് ബിജെപിയും ശ്രമിക്കുന്നത്. അതിനായി പല മാർഗം തേടുകയാണ്. കോമാളിവേഷം കെട്ടിച്ച് പാവക്കൂത്ത് നടത്താൻ ആളെ അയച്ച് വിജയിച്ചു കളയാമെന്ന് കരുതരുത്.

ജനങ്ങൾ എല്ലാം അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് അവരുടെമുമ്പിൽ പോയത്. അതിന് അതിന്റേതായ ഫലമുണ്ടായി. നവകേരള സദസ്സ് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോൾത്തന്നെ കേന്ദ്ര ധനമന്ത്രിയെത്തി കേരളത്തിന് അർഹതപ്പെട്ടത് നൽകുന്നുണ്ടെന്ന് പറയേണ്ടിവന്നു. വസ്തുതാവിരുദ്ധമാണെങ്കിലും അങ്ങനെ പറയേണ്ടിവന്നത് നവകേരള സദസ്സിന്റെ വിജയമാണ്. അവഗണിച്ചതിന്റെ കണക്ക് സംസ്ഥാനം വീണ്ടും അവതരിപ്പിച്ചെങ്കിലും പിന്നീട് മറുപടിയില്ല. ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ് കാര്യങ്ങൾ. രാജ്യത്തിന്റെ ഫെഡറൽ തത്വത്തിന്റെ ലംഘനമാണ് നടക്കുന്നത്. അത് ചോദ്യംചെയ്താണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്.

നാട് നല്ലരീതിയിൽ മുന്നോട്ടുപോകണമെന്നാണ് സർക്കാർ ചിന്തിക്കുന്നത്. അല്ലെങ്കിൽ നാം പിറകിലായിപ്പോകും. മുന്നോട്ടുപോക്കിന് തടസ്സം നിൽക്കുന്നവർക്കെതിരെ ജനങ്ങളാകെ ഒന്നിച്ചണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous articleഎറണാകുളം ജില്ലയിലെ നവകേരള സദസ്: നാല് മണ്ഡലങ്ങളിൽ ജനുവരി 1, 2 തീയതികളില്‍
Next articleഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനം: തിരുവല്ലത്ത് യുവതി ജീവനൊടുക്കി