Home News Kerala News വൈഗ കൊലക്കേസ്: 13കാരിയായ മകളെ പുഴയിൽ തള്ളിയിട്ട് കൊന്ന പിതാവ് സനുമോഹൻ കുറ്റക്കാരനെന്ന് കോടതി

വൈഗ കൊലക്കേസ്: 13കാരിയായ മകളെ പുഴയിൽ തള്ളിയിട്ട് കൊന്ന പിതാവ് സനുമോഹൻ കുറ്റക്കാരനെന്ന് കോടതി

88

കൊച്ചി: കൊച്ചിയിൽ പതിമൂന്നുവയസ്സുകാരിയായ മകൾ വൈഗയെ പുഴയിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തി. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. സനു മോഹനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ശിക്ഷാവിധിയിൽ ഉച്ചകഴിഞ്ഞു വാദം നടക്കും.

കങ്ങരപ്പടി ഹാർമണി ഫ്ലാറ്റിൽ താമസിച്ചിരുന്ന വൈഗയെയും സനുവിനെയും 2021 മാർച്ച് 21ന് കാണാതായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ വൈഗയുടെ മൃതദേഹം പിറ്റേന്നു മുട്ടാർ പുഴയിൽ കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. വൈഗയുടെ മരണത്തിനു ശേഷം പിതാവ് സനു മോഹൻ നാടുവിട്ടെന്ന നിഗമനത്തിൽ തുടങ്ങിയ അന്വേഷണമാണു നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വൈഗയെ സനുവാണു കൊലപ്പെടുത്തിയതെന്നു വ്യക്തമായ സൂചന ലഭിച്ചതോടെ ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഒരു മാസത്തിനു ശേഷം കർണാടകയിലെ കാർവാറിൽ നിന്നാണു സനു പിടിയിലായത്. രാജ്യ വ്യാപകമായി തെളിവെടുപ്പു നടത്തേണ്ടി വന്ന അപൂർവം കൊലക്കേസിൽ ഒന്നായിരുന്നു ഇത്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ബിഹാർ സംസ്ഥാനങ്ങളിൽ പോയി പൊലീസ് തെളിവു ശേഖരിച്ചു.

പിനീട് നടത്തിയ ചോദ്യം ചെയ്യലിൽ വൈഗയെ കൊന്നതു താൻ തന്നെയാണെന്നു സനു പൊലീസിനോട് സമ്മതിച്ചു. ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും പിന്നീടു പുഴയിൽ തള്ളുകയുമായിരുന്നുവെന്നാണ് മൊഴി. കനത്ത സാമ്പത്തിക ബാധ്യതയുള്ളതിനാൽ ആത്മഹത്യ ആലോചിച്ചു. മകളെ പുഴയിലെറിഞ്ഞശേഷം ഒളിവിൽ കഴിയുന്നതിനിടെ 3 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഭാര്യയെ ഏൽപിക്കാൻ താൽപര്യമില്ലാത്തതിനാലാണു മകളെ കൊന്നതെന്നും സനുവിന്റെ മൊഴിയിലുണ്ട്.

2021 മാർച്ച് 21ന് കൊലപാതകം നടത്താനും തുടർന്ന് 27 ദിവസം ഒളിവിൽ കഴിയാനും മറ്റാരും സഹായിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. പണം നൽകാനുള്ള ചിലരെ മാർച്ച് 22നു കാണാമെന്നു സനു മോഹൻ സമ്മതിച്ചിരുന്നു. അതിന്റെ തലേന്നാണ് മകളെ കൊന്ന് ഒളിവിൽ പോയത്. കൊച്ചിയിൽനിന്നു കാറിൽ മാർച്ച് 22ന് കോയമ്പത്തൂരിലെത്തിയ സനു മോഹൻ, കാർ അവിടെ 50,000 രൂപയ്ക്കു വിറ്റു. ഈറോഡ്, ഉഡുപ്പി വഴി ഏപ്രിൽ 10ന് കൊല്ലൂരിലെത്തി.

മൊബൈൽ ഫോണോ എടിഎം കാർഡോ ഉപയോഗിക്കാതെയായിരുന്നു സനുവിന്റെ ഒളിവ് ജീവിതം. കൊല്ലൂരിൽ 6 ദിവസം ലോഡ്ജിൽ തങ്ങിയ ശേഷം ബില്ലടക്കാതെ മുങ്ങി ഉഡുപ്പി വഴി കാർവാറിലെത്തി. ഗോവയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യം. കാർവാർ ബീച്ചിൽ, ഞായർ പുലർച്ചെ കർണാടക പൊലീസ് തിരിച്ചറിഞ്ഞതോടെ, അടുത്തുള്ള നിർമാണത്തൊഴിലാളി ക്യാംപിലേക്ക് ഓടിക്കയറി. ഇവിടെ നിന്നാണു പൊലീസ് പിടികൂടിയത്.

Previous articleവ്രത വിശുദ്ധിയുടെ 41 ദിനരാത്രങ്ങൾക്ക് ഇന്ന് പരിസമാപ്‌തി. ശബരിമലയിൽ ഇന്ന് മണ്ഡലപൂജ
Next articleതമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം: 2 ഗുണ്ടകൾ പൊലീസിന്റെ വെടിയേറ്റ് മരിച്ചു