Home News National news ഹൃദയം പൊട്ടികരയുന്ന ഒരു ജനതയുടെ വികാരം പങ്കുവെക്കാൻ സുപ്രഭാതമെങ്കിലും ഉണ്ടായല്ലോ: കോൺഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ച് ജലീൽ

ഹൃദയം പൊട്ടികരയുന്ന ഒരു ജനതയുടെ വികാരം പങ്കുവെക്കാൻ സുപ്രഭാതമെങ്കിലും ഉണ്ടായല്ലോ: കോൺഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ച് ജലീൽ

82

കോഴിക്കോട്: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ വിഷയത്തിൽ കോൺഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ച് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചന്ദ്രിക പത്രം, പറയേണ്ടത് പറയാതിരുന്നപ്പോൾ ആ ദൗത്യം സുപ്രഭാതം നിർവ്വഹിച്ചുവെന്ന് കെ ടി ജലീൽ പറഞ്ഞു. മതനിരപേക്ഷത വിട്ട് ഹിന്ദുത്വ നിലപാടിലേക്ക് പോകുന്ന കോൺഗ്രസ് ഇനിയെങ്കിലും കണ്ണുതുറന്നാൽ രാജ്യവും കോൺഗ്രസും രക്ഷപ്പെടുമെന്നും കെ ടി ജലീൽ പറഞ്ഞു. നിലപാട് വിട്ട് കോൺഗ്രസ് പോകുമ്പോൾ അരുത് എന്ന് പറയാൻ പണ്ടൊക്കെ, ഇസ്മായിൽ സാഹിബിനെ പോലുള്ള നേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതില്ലാതായെന്നും, ലീഗ് നേതാക്കളെ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന് ക്ഷണിക്കാൻ മോദിക്കും അമിത്ഷാക്കും തോന്നരുതേ എന്നാണ് സമുദായത്തിൻ്റെ പ്രാർത്ഥനയെന്നും പോസ്റ്റിൽ കെ ടി ജലീൽ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കോൺഗ്രസ്സ് നിലപാടിനെതിരായ സമസ്തയുടെ മുഖപത്രം സുപ്രഭാതത്തിൽ എഡിറ്റോറിയൽ ചൂണ്ടിക്കാട്ടിയായിരുന്നു ജലീലിന്റെ പ്രതികരണം.

സുപ്രഭാതം പരത്തിയ വെളിച്ചത്തിൻ്റെ തെളിച്ചം എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന കെ ടി ജലീലിന്റെ പോസ്റ്റിൽ ലീഗ് നേതൃത്വത്തെയും കണക്കറ്റ് വിമർശിക്കുന്നുണ്ട്.
ചന്ദ്രിക പറയേണ്ടത് പറയാതിരുന്നപ്പോൾ ആ ദൗത്യം സുപ്രഭാതം നിർവ്വഹിച്ചു. സമീപകാലത്ത് പല കാര്യങ്ങളിലുമുള്ള ലീഗിൻ്റെ മൗനം കോൺഗ്രസ്സിനെ കൂടുതൽ കൂടുതൽ കാവിയോടടുപ്പിക്കുകയാണ് ചെയ്തത്. കോൺഗ്രസ് മതനിരപേക്ഷത വിട്ട് ഹിന്ദുത്വ നിലപാടിലേക്ക് പോകുമ്പോൾ അരുത് എന്ന് പറയാൻ പണ്ടൊക്കെ, ഇസ്മായിൽ സാഹിബും പോക്കർ സാഹിബും സേട്ടു സാഹിബും ബനാത്ത് വാലാ സാഹിബും ഉണ്ടായിരുന്നു. ഇന്നവരില്ല.

കോൺഗ്രസ്സ് എന്ത് ചെയ്താലും അതിന് റാൻ മൂളുന്നവരായി പുതിയ ലീഗ് നേതൃത്വം മാറി. ബാബരീ മസ്ജിദ് തകർത്തത് പോലെ കാശിയിലെ ഗ്യാൻവാപിമസ്ജിദും, മധുരയിലെ ഈദ്ഗാഹ് മസ്ജിദും ഇടിച്ചുടച്ച് നിലംപരിശാക്കിയാലും ബിജെപി നേതാക്കൾക്ക് ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം മുസ്ലിംലീഗ് പതിച്ചുനൽകും. അവരുമൊത്ത് കേക്ക്മുറിച്ചും അവർക്ക് നാരങ്ങാവെള്ളം കൊടുത്തും ആക്കാംപോക്കാംകളി തുടരും.

ലീഗ് നേതാക്കളെ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന് ക്ഷണിക്കാൻ മോദിക്കും അമിത്ഷാക്കും തോന്നരുതേ എന്നാണ് സമുദായത്തിൻ്റെ പ്രാർത്ഥന. കാലക്കേടിനെങ്ങാനും അതു സംഭവിച്ചാൽ അയോധ്യയിലേക്ക് പറക്കാൻ ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റും, അവിടെ താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടൽ സൗകര്യങ്ങളും, സഞ്ചരിക്കാൻ ഒരു റോൾസറോയ്സ് കാറും ക്ഷേത്രക്കമ്മിറ്റി ഒരുക്കിയാൽ ലീഗ് നേതാക്കൾ സമുദായസൗഹാർദ്ദത്തിൻ്റെ പേരും പറഞ്ഞ് ചാടിപ്പുറപ്പെടുമെന്നുറപ്പാണെന്നും ജലീൽ പറയുന്നു.

ഹൃദയം പൊട്ടി പരിതപിക്കുന്ന ഒരു ജനതയുടെ വികാരം പങ്കുവെക്കാൻ സുപ്രഭാതമെങ്കിലും സമുദായത്തിനകത്ത് ഉണ്ടെന്നത് നൽകുന്ന ആശ്വാസം ചെറുതല്ല. സിതാറാം യെച്ചൂരിയും ഡി രാജയും കാണിച്ച ചങ്കുറപ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കോൺഗ്രസ്, എങ്ങിനെയാണ് ബിജെപിക്ക് ബദലാവുകയെന്ന ചോദ്യമുന്നയിക്കുന്ന ജലീൽ കമ്മ്യൂണിസ്റ്റുകാരുടെ ആർജ്ജവം കോൺഗ്രസ്സിനുണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് അങ്ങേയറ്റത്തെ അതി മോഹമാകുമെന്നും പറഞ്ഞുവയ്ക്കുന്നു. സഖാവ് യച്ചൂരിയും സഖാവ് രാജയും മുങ്ങിക്കുളിച്ച കുളത്തിലെങ്കിലും കോൺഗ്രസ് നേതാക്കൾ ഒന്ന് തല നനച്ച് കുളിച്ചിരുന്നെങ്കിൽ എന്ന് ആരെങ്കിലും കരുതിപ്പോയാൽ അവരെ എങ്ങിനെ കുറ്റപ്പെടുത്തുമെന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് ജലീലിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Previous articleഗുസ്തി താരങ്ങളുടെ കരുത്തിനുമുന്നിൽ മുട്ടുമടക്കി കേന്ദ്ര ബിജെപി നേതൃത്വം: ഗുസ്തി ഫെഡറേഷന് താൽക്കാലിക ഭരണ സമിതി
Next articleഭാര്യയെ കൊന്ന ശേഷം മരണം ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ