Home Cinema ക്യാപ്റ്റൻ മടങ്ങി: തമിഴ് മുൻ സൂപ്പർ താരം വിജയകാന്ത് അന്തരിച്ചു

ക്യാപ്റ്റൻ മടങ്ങി: തമിഴ് മുൻ സൂപ്പർ താരം വിജയകാന്ത് അന്തരിച്ചു

109

ചെന്നൈ: തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്ന അദ്ദേഹം 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ മരണവിവരം അറിയിച്ചത്. പ്രേമലതയാണ് ഭാര്യ, ഷണ്‍മുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ എന്നിവർ മക്കളാണ്.

എൺ‌പതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച നടനായിരുന്നു വിജയകാന്ത്. ക്യാപ്റ്റനെന്നായിരുന്നു ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായായി തമിഴ് സിനിമയിൽ അരങ്ങേറിയ വിജയകാന്ത് നായകനായി 1981 ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രം അദ്ദേഹത്തിന്റെ വാണിജ്യമൂല്യമുയർത്തി. തുടർന്ന് വന്ന സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിക്കുന്ന ‘ക്ഷോഭിക്കുന്ന യുവാവിനെ’ തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു. നാടിനെ സ്നേഹിക്കുന്ന, നാട്ടുകാർക്കു നല്ലതു ചെയ്യുന്ന, നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പുരട്ചി കലൈഞ്ജർ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചു.

പിന്നാലെ, ആക്‌ഷനും പ്രണയവും വൈകാരിക രംഗങ്ങളുമൊക്കെയുള്ള സിനിമകളിലൂടെ തമിഴിലെ വാണിജ്യ സിനിമയുടെ നായകരിലൊരാളായി വിജയകാന്ത്. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ തുടങ്ങിയ സൂപ്പർ ഹിറ്റുകളടക്കം 1984 ൽ അദ്ദേഹത്തിന്റെ 18 സിനിമകളാണ് പുറത്തിറങ്ങിയത്. ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ‌, സിന്ദൂരപ്പൂവേ, പുലൻ വിചാരണൈ, സത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, സേതുപതി ഐപിഎസ്, വാനത്തൈപോലെ, രമണാ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ‌. അഴിമതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിക്കുന്ന വീരനായകരുള്ള ആക്‌ഷൻ സിനിമകൾക്കൊപ്പം കുടുംബബന്ധങ്ങളുടെ തകർച്ചയിൽ നിസ്സഹായനാകുന്ന, അതു തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന നായകന്മാരെ അവതരിപ്പിച്ചും വിജയകാന്ത് പ്രേക്ഷകരുടെ ഇഷ്ടം നേ‌ടി. അത്തരം സിനിമകളിൽ പലതും നിരൂപകപ്രശംസയും നേടിയിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. അതു സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015 ൽ റിലീസായ സതാബ്ദം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലാണ് അവസാനം സ്ക്രീനിലെത്തിയത്. അദ്ദേഹത്തിന്റെ മകൻ ഷണ്‍മുഖ പാണ്ഡ്യനായിരുന്നു നായകൻ.

2005 സെപ്റ്റംബർ 14 ന് ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ച് അദ്ദേഹം തമിഴ് രാഷ്ട്രീയത്തിന്റെ ഭാഗവുമായി. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ ഡിഎംഡികെ സ്ഥാനാർത്ഥികൾ മൽസരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. 2011 ൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റിൽ മൽസരിച്ച് 29 എണ്ണത്തിൽ വിജയിച്ചു. അതോടെ തമിഴ് രാഷ്ട്രീയത്തിലെ ശക്തനെന്നു വിളിക്കപ്പെട്ടെങ്കിലും പിന്നീട് രാഷ്ട്രീയ നേട്ടങ്ങൾ ആവർത്തിക്കാനായില്ല. 2014 ൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുമായുള്ള സഖ്യം തിരിച്ചടിയായി. മൽസരിച്ച 14 സീറ്റിലും പരാജയപ്പെട്ടു. തുടർന്ന് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി എന്നിവയുമായി സഖ്യമുണ്ടാക്കി 104 സീറ്റുകളിൽ മൽസരിച്ചു. ഇത്തവണയും എല്ലാ സീറ്റിലും പരാജയമായിരുന്നു ഫലം. ഇതോടെ തമിഴക രാഷ്ട്രീയത്തിൽ വിജയകാന്തും, ഡിഎംഡികെയും അപ്രസക്തമായി.

Previous articleഅരങ്ങിലെ ആ പ്രതിഭയും ഇനി ഓർമ്മ: നാടക നടൻ ആലപ്പി ബെന്നി അന്തരിച്ചു
Next article40 കിലോ കഞ്ചാവുമായി യൂത്ത് കോൺ​ഗ്രസ് നേതാവ്‌ പിടിയിൽ: അറസ്റ്റിലായത്‌ നിയോജക മണ്ഡലം സെക്രട്ടറി