Home News Kerala News കേരളത്തിൽ ബിജെപി വളരാത്തത് എന്തുകൊണ്ട്? സംസ്ഥാന നേതാക്കളെ കുഴക്കി ദേശീയ നേതാവിന്റെ ചോദ്യം

കേരളത്തിൽ ബിജെപി വളരാത്തത് എന്തുകൊണ്ട്? സംസ്ഥാന നേതാക്കളെ കുഴക്കി ദേശീയ നേതാവിന്റെ ചോദ്യം

88

തൃശ്ശൂർ: തൃശ്ശൂർ ബിജെപി സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലാണു കേരളത്തിൽ ബിജെപി ശക്തിപ്പെടാത്തതിന്റെ കാരണം എന്തെന്ന ചോദ്യം ദേശീയ നേതാവായ രാധാ മോഹൻദാസ് അഗർവാൾ എംപി ഉന്നയിച്ചത്. സദസ്സിൽ മാധ്യമപ്രവർത്തകർ ഇരിക്കുന്നുണ്ടെന്നറിയാതെയിരുന്നു എംപിയുടെ ചോദ്യം. ഇതു മനസ്സിലാക്കിയ ബിജെപി ഭാരവാഹികൾ പത്രക്കാർ പുറത്തു പോകണമെന്ന അഭ്യർഥനയുമായി രംഗത്തെത്തി.

ന്യൂനപക്ഷങ്ങൾ സംഘടിതമായി നിൽക്കുന്നുവെന്നും രണ്ടു മുന്നണികൾക്കിടയിലൂടെ വളർന്നു വരാനുള്ള കാലതാമസമാണെന്നും മറ്റുമൊക്കെ കേരളത്തിലെ നേതാക്കൾ ചോദ്യത്തിനുത്തരമായി പറഞ്ഞെങ്കിലും അതൊന്നും എംപി സമ്മതിച്ചില്ല. താഴെത്തട്ടിൽ പ്രവർത്തനം കുറഞ്ഞുപോയിരിക്കുന്നതാണു കാരണമെന്ന് കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരി കൂടിയായ അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളെ പോലെ തന്നെ ക്രിസ്ത്യാനികളും രാജ്യത്തോടു കൂറുള്ളവരാണെന്നും ക്രൈസ്തവരെ കുടുംബാംഗങ്ങളെപ്പോലെ തന്നെ ബിജെപി പ്രവർത്തകർ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‌ക്രൈസ്തവർക്കു പ്രധാനമന്ത്രിയോടുള്ള സ്നേഹം കഴിഞ്ഞ ദിവസം ബോൺനതാലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ തനിക്കു മനസ്സിലാക്കാനായെന്നും എംപി പറഞ്ഞു. ശബരിമലയിൽ കേരള സർക്കാർ കാണിക്കുന്ന നിസ്സംഗത അവരുടെ ഹിന്ദുക്കളോടുള്ള സമീപനത്തിന്റെ ആകെത്തുകയാണ്. അവർക്ക് ആദ്യ പരിഗണന മുസ്‌ലിംകളാണ്. കേന്ദ്രം ശബരിമലയിൽ ഇടപെടണമെന്ന് രാജ്യസഭയിൽ ബിജെപി എംപിമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേരള സർക്കാർ ചെറുതായെങ്കിലും ഇടപെടൽ നടത്തിയത്.

സംസ്ഥാന നേതൃസംഗമം തൃശൂരിൽ വച്ചതിന് ചില അർഥങ്ങളുണ്ട്. 2024 തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ പ്രഥമ പരിഗണന തൃശൂരിനാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്നായിരുന്നു എംപി നേതാക്കളോടുള്ള ചോദ്യങ്ങളിലേക്കു കടന്നത്. സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ച കോൺഗ്രസ് ഇപ്പോൾ ആ നിലപാടിൽ നിന്ന് എന്താണ് പിന്നാക്കം പോകുന്നതെന്ന് വ്യക്തമാക്കണമെന്ന് അധ്യക്ഷത വഹിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.

ന്യൂനപക്ഷ വോട്ട് ബാങ്കിനെ പേടിച്ച് കോൺഗ്രസ് ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മാനിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. പുതുതായി പാർട്ടിയിൽ ചേർന്ന മേജർ രവി, സി.രഘുനാഥ് എന്നിവരെ സംസ്ഥാന അധ്യക്ഷൻ സ്വീകരിച്ചു. ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുല്ലക്കുട്ടി, മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, സി.കെ.പത്മനാഭൻ, ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ എന്നിവർ പങ്കെടുത്തു.

Previous articleമന്ത്രി കെ രാധാകൃഷ്‌ണനെതിരെ ജാതിയധിക്ഷേപം: തിരുവല്ല സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസ്‌
Next articleപാക്കിസ്ഥാനിൽ പുതുവത്സരാഘോഷം നിരോധിച്ച് സർക്കാർ: നിരോധനം പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്