Home News Kerala News മന്ത്രിസഭ പുനസംഘടിപ്പിച്ച് ഇടതുസർക്കാർ: ഗണേഷ് കുമാറും, കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തു

മന്ത്രിസഭ പുനസംഘടിപ്പിച്ച് ഇടതുസർക്കാർ: ഗണേഷ് കുമാറും, കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തു

50

തിരുവനന്തപുരം: കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവത്തിലും ഗണേഷ് കുമാർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ഓരോ എംഎൽഎമാർ മാത്രമുള്ള പ്രധാന ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന എല്‍ഡിഎഫ് ധാരണപ്രകാരം രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ രാജിവച്ച ഒഴിവിലേക്കാണ് പുതിയ മന്ത്രിമാര്‍ എത്തിയത്. ശക്തമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ചടങ്ങിനിടെ അടുത്തടുത്ത സീറ്റിലിരുന്നിട്ടും പരസ്പരം സൗഹൃദം പങ്കിട്ടില്ല. അതെ സമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.

പുതിയ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിച്ച് ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കും. ആന്റണി രാജു വഹിച്ച ഗതാഗതം അടക്കമുള്ള വകുപ്പുകൾ ഗണേഷിനും അഹമ്മദ് ദേവർകോവിൽ വഹിച്ച തുറമുഖം അടക്കമുള്ള വകുപ്പുകൾ രാമചന്ദ്രൻ കടന്നപ്പള്ളിക്കും ലഭിച്ചേക്കും. രണ്ടു മന്ത്രിമാരുടെയും വകുപ്പുകളിൽ മാറ്റമുണ്ടാകാനിടയില്ല. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിലും കടന്നപ്പള്ളി തുറമുഖ വകുപ്പാണു കൈകാര്യം ചെയ്തത്. ചടങ്ങിൽ മന്ത്രിമാരും കുടുംബാംഗങ്ങളും എംഎൽഎമാരും എംപിമാരും രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളിലെ പ്രധാന വ്യക്തികളും പങ്കെടുത്തു.

Previous articleപത്താം ക്ലാസുകാരനൊപ്പം ചുംബനവും,, റൊമാന്റിക്’ ഫോട്ടോഷൂട്ടും: പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
Next articleസംരംഭക വർഷം പദ്ധതിയിൽ സംരംഭങ്ങളുടെ എണ്ണം 2 ലക്ഷം കവിഞ്ഞു: മന്ത്രി പി രാജീവ്