Home News മകരവിളക്ക് ഉത്സവം: ശബരിമല നട ഇന്ന്‌ തുറക്കും

മകരവിളക്ക് ഉത്സവം: ശബരിമല നട ഇന്ന്‌ തുറക്കും

49

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ശനിയാഴ്‌ച തുറക്കും. വൈകിട്ട്‌ അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി ആഴിയിൽ അഗ്നി പകരും. ഇതിനു ശേഷമാകും തീർഥാടകർക്ക് ദർശനം അനുവദിക്കുക.

മണ്ഡലപൂജകൾക്ക്‌ ശേഷം 27 ന് രാത്രിയാണ്‌ നട അടച്ചത്‌. ജനുവരി 15ന് ആണ്‌ മകരവിളക്ക്. വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട്‌ അഞ്ചിനാണ് അന്ന് നടതുറക്കുക. തുടർന്ന്‌ തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 20 വരെ തീർഥാടകർക്ക്‌ ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. എന്നാൽ 19 വരെ മാത്രമേ തീർഥാടകർക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കുകയുള്ളു. 15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പ് നടക്കും.
19നാണ് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. 21ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് രാവിലെ പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം നട അടയ്‌ക്കും.

മകരവിളക്ക് ഉത്സവത്തിന്‌ ശനിയാഴ്ച വൈകിട്ട് ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ പമ്പ മുതൽ സന്നിധാനം വരെ അയ്യപ്പൻമാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. തീർഥാടകർക്ക് ക്യൂ കോംപ്ലക്സിലും നടപ്പന്തലിലും ഫാനുകളും ഔഷധ കുടിവെള്ളവും സജ്ജമാക്കിയിട്ടുണ്ട്.

Previous articleപിടികൂടിയ പെരുമ്പാമ്പിനെ കൊണ്ടുപോകാൻ വനപാലകർ എത്താൻ വൈകി: ഒരുസംഘം പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക്‌ പാമ്പിനെ എറിഞ്ഞു
Next articleലോറി പാഞ്ഞ് കയറി: തമിഴ്നാട്ടിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു, 19 പേർക്ക്‌ പരിക്ക്‌