Home Sports ഇൻറർ യൂണിവേഴ്സിറ്റി അമ്പെയ്ത്ത് മത്സരത്തിൽ അഭിമാനമായി മലയാളി താരം: കണ്ണൂർ സ്വദേശിയായ ദശരഥ് രാജഗോപാൽ സ്വന്തമാക്കിയത്...

ഇൻറർ യൂണിവേഴ്സിറ്റി അമ്പെയ്ത്ത് മത്സരത്തിൽ അഭിമാനമായി മലയാളി താരം: കണ്ണൂർ സ്വദേശിയായ ദശരഥ് രാജഗോപാൽ സ്വന്തമാക്കിയത് നാലു മെഡലുകൾ

59

കണ്ണൂർ: പട്യാലയിൽ നടന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല അമ്പെയ്ത്ത് മത്സരത്തിലാണ് ഈ യുവ കായികതാരം കേരളത്തിന് അഭിമാനമായി മാറിയത്. തൃശ്ശൂർ കൊടകര സഹൃദയ കോളേജ് ഡിഗ്രി വിദ്യാർഥിയായ ദശരഥ് കാലിക്കറ്റ് സർവകലാശാലയ്ക്ക് വേണ്ടിയാണ് മത്സരത്തിൽ പങ്കെടുത്തത്. അമ്പെയ്ത്തിൽ വിവിധ ഇനങ്ങളിലായി ഒരു സ്വർണവും, രണ്ടു വെള്ളിയും, ഒരു വെങ്കലവുമടക്കമാണ് ദശരഥിന്റെ മെഡൽ നേട്ടം. ദേശീയ യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്കും ദശരഥിനാണ്. ഇതോടെ 2023ൽ 9 ദേശീയ മെഡലുകൾ നേടിയ മലയാളിയായി ദശരഥ് മാറി. ഒക്ടോബറിൽ ഗോവയിൽ നടന്ന ദേശീയ ഗെയിംസിലും, അയോധ്യയിൽ നടന്ന സീനിയർ ചാമ്പ്യൻഷിപ്പിലും, പഞ്ചാബിൽ നടന്ന സൗത്ത് വെസ്റ്റ് സോൺ ഇൻറർ യൂണിവേഴ്സിറ്റി മത്സരത്തിലുമായി അഞ്ചു മെഡലുകൾ ഈ വർഷം ദശരഥ് നേടിയിരുന്നു.

ദശരഥിനൊപ്പം സഹോദരങ്ങളായ സിദ്ധാർഥും, അഭിമന്യുവും, ഋഷികയും സംസ്ഥാനതലത്തിലും വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. കണ്ണൂർ പേരാവൂർ എടത്തൊട്ടിയിൽ കുഞ്ഞുംവീട്ടിൽ രാജഗോപാലിന്റെയും, സീമ രാജഗോപാലിന്റെയും മകനാണ് ദശരഥ്. പരിമിതമായ പരിശീലന സൗകര്യങ്ങളും കായികോപകരണങ്ങളും ഉപയോഗിച്ചാണ് ദശരഥ് ഈ നേട്ടങ്ങൾ കൈവരിച്ചത്. സർക്കാരിൽ നിന്നും ലഭിച്ച അറിയിപ്പ് പ്രകാരം അപേക്ഷകൾ നൽകിയെങ്കിലും ഇതുവരെയും സാമ്പത്തിക സഹായങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഈ താരം പറയുന്നു.

Previous articleപന്തെടുക്കാൻ വീട്ടുവളപ്പിൽ കയറിയ വിദ്യാർഥിയുടെ കാൽ തല്ലിയൊടിച്ചു; വീട്ടുടമക്കെതിരെ കേസ്
Next articleമണിപ്പൂരിൽ വീണ്ടും സംഘർഷം: 4 പേർ കൊല്ലപ്പെട്ടു